ഇരിങ്ങാലക്കുട: മഴയിലും കാറ്റിലും മേഖലയിൽ കനത്ത നാശം. രാവിലെ പത്തരക്കുണ്ടായ കാറ്റിൽ മരങ്ങൾ വീണ് 70ഓളം വൈദ്യുതിത്തൂണുകൾ തകർന്നു. 60ൽ അധികം കേന്ദ്രങ്ങളിൽ വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. മണ്ഡലത്തിൽ നഗരസഭ പരിധിയിൽ അടക്കം വൈദ്യുതി മുടങ്ങി. കൂടുതൽ കരാർ ജീവനക്കാരെ വെച്ച് അറ്റകുറ്റപ്പണികൾ നടത്തി വരുന്നുണ്ടെങ്കിലും വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ ഒരു ദിവസം കൂടിയെടുക്കുമെന്ന് കെ.എസ്.ഇബി അധികൃതർ അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ രാജീവിന്റെ ഓടിട്ട വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. കാറ്റിൽ ഠാണാവിലെ മൂലൻസ് സൂപ്പർ മാർക്കറ്റിൽ സ്ഥാപിച്ച പരസ്യബോർഡ് വീണ് രണ്ട് കാറുകൾക്ക് കേടുപാടുണ്ടായി. കക്കാട്ട് ക്ഷേത്ര പരിസരത്ത് കൊച്ചുപ്പറമ്പത്ത് സനോജിന്റെ കിണർ ഇടിഞ്ഞ് താഴ്ന്നു. കോമ്പാറ ഐക്കര വീട്ടിൽ ചിന്നപ്പ മേനോന്റെ നൂറോളം വാഴകളും 15 മരങ്ങളും വീണു. കാട്ടൂരിൽ തെങ്ങ് വീണ് കട്ട്ളപ്പീടിക ഹൈദരലിയുടെ വീടിനും കാറുകൾക്കും നാശമുണ്ടായി.
കാട്ടൂരിൽ കൊടുക്കൻ വീട്ടിൽ ലീല, കുറുക്കൻ പുരയ്ക്കൽ കൃഷ്ണൻ എന്നിവരുടെ വീടുകളും മരംവീണ് ഭാഗികമായി തകർന്നു. ആളൂർ പഞ്ചായത്തിൽ തെങ്ങ് വീണ് അരീക്കാട്ട് അനീഷിന്റെ വീട് ഭാഗികമായി തകർന്നു. വിളങ്ങാട്ടിൽ രാജേഷിന്റെ 500ഓളം വാഴകൾ വെള്ളം കയറി നശിച്ചു. മുരിയാട് പഞ്ചായത്തിൽ വ്യാപക കൃഷി നാശമുണ്ടായി. മരങ്ങൾ വീണ് എട്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു.
കാറളം പഞ്ചായത്തിൽ മരം വീണ് കിഴുത്താണി മനപ്പടിയിൽ പാറയിൽ ജയയുടെ അടുക്കള ഭാഗം തകർന്നു. കിഴുത്താണിയിൽ തെങ്ങ് വീണ് ത്യത്താണി ജയന്റെ തൊഴുത്തും ഭാഗികമായി തകർന്നു. ഇരിങ്ങാലക്കുട തെക്കേ നടയിലുള്ള വള്ളിയില്‍ ബോസിന്റെ നാനൂറിലധികം വാഴകള്‍ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.