ഇരിങ്ങാലക്കുട: ലാഭകരമല്ലെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ സായാഹ്ന മാർക്കറ്റ് നിർത്തലാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സ്റ്റാളുകൾ ലേലത്തിൽ പോകുന്നില്ലെന്നും കൗൺസിൽ നിശ്ചയിച്ച നിരക്കിൽ ഫീസ് പിരിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്നും അജണ്ടയിൽ വ്യക്തമാക്കി.
പടിഞ്ഞാറൻ മേഖലയിൽ വേറെ ഫിഷ് മാർക്കറ്റില്ലാത്ത സാഹചര്യത്തിൽ ഈവനിങ് മാർക്കറ്റ് പൂട്ടരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്ലാൻ ഫണ്ടിൽ നിന്നുള്ള ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ അടഞ്ഞ് കിടക്കുന്നതിൽ യോഗത്തിൽ വിമർശനം ഉയർന്നു.
തദ്ദേശ മന്ത്രി ഉദ്ഘാടനം ചെയ്ത പൂതംകുളം മൈതാനത്തുള്ള ‘ടേക്ക് എ ബ്രേക്കി’ന്റെ അവസ്ഥ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ഉന്നയിച്ചു. ഇതിന്റെ നടത്തിപ്പിന് ഒരു വർഷത്തേക്ക് നിശ്ചയിച്ച പത്തര ലക്ഷം രൂപ പ്രായോഗികമല്ലെന്നും നിരക്ക് പുനർനിർണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കസ്തൂർബ ഷോപ്പിങ് കോംപ്ലക്സിലെ മുറികളും അടഞ്ഞ് കിടക്കുകയാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയയും ചൂണ്ടിക്കാട്ടി.
മത്സ്യ മാർക്കറ്റിലും പൊറത്തിശ്ശേരി മേഖലയിലെ കെട്ടിടങ്ങളിലും മുറികൾ ലേലത്തിലെടുക്കാൻ ആളില്ലെന്നും സെക്യൂരിറ്റി തുകയും ലൈസൻസ് ഫീസും അപ്രായോഗികമാകണമെന്നും വൈസ് ചെയർമാൻ ടി.വി. ചാർലി പറഞ്ഞു. ടേക്ക് എ ബ്രേക്ക് ലേലം കൊള്ളുന്നത് വരെ നഗരസഭ നേരിട്ട് നടത്താമെന്ന അഭിപ്രായവും ഉയർന്നു.
ലേലത്തിൽ പങ്കെടുത്തവരുമായി ധാരണയിലെത്തി നടത്തിപ്പ് ഏൽപ്പിക്കാമെന്ന് ചെയർപേഴ്സൻ പറഞ്ഞെങ്കിലും അത് ചട്ടവിരുദ്ധമാകുമെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. രണ്ട് തവണ ടെൻഡർ നടത്തിയിട്ടും കാര്യമുണ്ടായില്ലെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. നിരക്ക് നിർണയം ഫിനാൻസ് കമ്മിറ്റിക്ക് വിടാൻ യോഗം തീരുമാനിച്ചു.
നഗരസഭ മൈതാനം വിവിധ ടൂർണമെന്റുകൾക്കായി വാടക ഈടാക്കി നൽകുന്നതും ചർച്ചക്ക് വന്നു. ഗ്രൗണ്ടിന് വാടക നൽകാതെ വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കി ഒരു വ്യക്തി ഫുട്ബാൾ പരിശീലനം നൽകി വരുന്നത് ഭരണകക്ഷി അംഗം എം.ആർ. ഷാജു ഉന്നയിച്ചു.
സെന്റ് തോമസ് കത്തീഡ്രൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 160 വർഷം പഴക്കമുള്ള നഗരസഭയുടെ കീഴിലുള്ള മുകുന്ദപുരം ജി.എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള സാധ്യതകളും നിർദേശങ്ങളും സമർപ്പിക്കാൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സ്കൂളിന്റെ അറ്റകുറ്റപ്പണി തീർത്ത് നിലനിർത്തണമെന്നും അല്ലെങ്കിൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റണമെന്നുമാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.