ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനത്തിന്റെ പുതിയ പാതയിലാണെന്ന് മന്ത്രി വീണ ജോർജ്. ജനറൽ ആശുപത്രി മാതൃ-ശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ദേശീയ ഗുണനിലവാര സൂചികകൾ അനുസരിച്ച് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മാതൃ-ശിശു ആരോഗ്യ വിഭാഗം സജ്ജമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ആശുപത്രി കെട്ടിടം എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശിലാഫലകം മന്ത്രി ഡോ. ആർ. ബിന്ദു അനാച്ഛാദനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ആംബുലൻസ് നൽകുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
നവജാത ശിശുക്കൾക്കായുള്ള ഐ.സി.യു വാർഡുകൾ, മുറികൾ, ദേശീയ ഗുണനിലവാരത്തിൽ ‘ലക്ഷ്യ’ മാനദണ്ഡം അനുസരിച്ച് ലേബർ റൂം ശാക്തീകരണം തുടങ്ങിയ പുതിയ സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പണിത കെട്ടിടത്തിന്റെ പൂർത്തീകരണവുമാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നത്. ദേശീയ ആരോഗ്യ പദ്ധതി പ്രകാരം 4.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ മുഖ്യാതിഥിയായി.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത, സീമ പ്രേംരാജ്, നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സന്മാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി.പി. ശ്രീദേവി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.