കടുപ്പശ്ശേരി കോളനി അംബേദ്കർ ഗ്രാമം പദ്ധതി; പ്രവൃത്തി പൂർത്തീകരിക്കാൻ നിർദേശം

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കടുപ്പശ്ശേരി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം നടത്തുന്ന പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

പദ്ധതി വഴി അറ്റകുറ്റപ്പണി നടത്തിയ വീടുകളുടെ നിലവിലെ അവസ്ഥയും പുതിയ അപേക്ഷകൾ പരിഗണിക്കുന്നതും യോഗം ചർച്ച ചെയ്തു. കോളനിയിലെ 42 വീടുകളിലാണ് എസ്റ്റിമേറ്റ് പ്രകാരമുള്ള പുനരുദ്ധാരണ പ്രവൃത്തി നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഇതിന് 42.5 ലക്ഷം രൂപയോളം ചെലവായി. മിച്ചമുള്ള തുക ഉപയോഗിച്ച് എസ്റ്റിമേറ്റ് അനുസരിച്ച് ബാക്കി പ്രവൃത്തി പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു. വീട് പുനരുദ്ധാരണത്തിന് പുതുതായി ലഭിച്ച 13 അപേക്ഷ മറ്റ് ഫണ്ടുകളിൽ ഉൾപ്പെടുത്തി പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

2019-20ലാണ് കടുപ്പശ്ശേരി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിക്ക് അനുമതി ലഭിച്ചത്. 50 ലക്ഷം രൂപയാണ് പദ്ധതി തുക. 2021 ജനുവരിയിൽ പ്രവൃത്തി ആരംഭിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രൻ, ബ്ലോക്ക്‌ മെംബർ ടെസി ജോയ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ ദിജി, നിർമിതി കേന്ദ്രയുടെ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Kadupassery Colony Ambedkar Village Project- Instructions to complete the work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.