ഇരിങ്ങാലക്കുട: മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ ഊരി. പ്രതിഷേധം ഉയരുകയും വിഷയത്തിൽ ജില്ല കലക്ടർ ഇടപെടുകയും ചെയ്തതോടെ മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞായിരുന്നു സംഭവങ്ങൾ. കംഫർട്ട് സ്റ്റേഷന്റെ ഒരുമാസത്തെ ബില്ലാണ് കുടിശ്ശി. നഗരസഭയിൽ കഴിഞ്ഞമാസം 19ന് ചാർജ് എടുത്ത സെക്രട്ടറി പിന്നീട് ഓഫിസിൽ എത്താതിരുന്ന സാഹചര്യത്തിൽ സൂപ്രണ്ടിന് ചാർജ് കിട്ടിയത് കഴിഞ്ഞമാസം 30നാണ്.
ഫയലുകൾ ഇതിനുശേഷം പരിശോധിച്ച് വരികയായിരുന്നുവെന്നും ചെക്ക് എഴുതിവെച്ചിരുന്നുവെന്നും എന്നാൽ യാതൊരു മുന്നറിയിപ്പും നോട്ടീസും ഇല്ലാതെ പൊതുജനം ഉപയോഗിക്കുന്ന സ്ഥാപനത്തിന്റെ ഫ്യൂസ് ഊരുകയായിരുന്നുവെന്നും നഗരസഭ അധികൃതർ പറഞ്ഞു. തുടർന്ന് നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ ജില്ല കലക്ടറെ ധരിപ്പിച്ചു. കലക്ടറുടെ ഇടപെടലിനെ തുടർന്ന് വൈകീട്ടോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയുമായിരുന്നു.
കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ കണക്ഷനുകൾ വിഛേദിക്കണമെന്ന കർശന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് വരികയായിരുന്നുവെന്നും കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരിയത് മനപൂർവമല്ലെന്നും വിഷയം ശ്രദ്ധയിൽവന്നതിനെ തുടർന്ന് ഉടൻ നടപടികൾ സ്വീകരിച്ചതായും കെ.എസ്.ഇ.ബി വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.