ഇരിങ്ങാലക്കുട: സാധാരണക്കാരും കൃഷിക്കാരും ഇടതിങ്ങി ജീവിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ ഇടതു-വലതു മുന്നണികളെ മാറിമാറി കടാക്ഷിക്കുന്ന സ്വഭാവം വെച്ചുപുലര്‍ത്തുന്നതു കാണാം. ഒരുകാലത്ത് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുകോട്ടയെന്ന് അറിയപ്പെടുമ്പോഴും ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും വലതുമുന്നണിക്ക് അനുകൂലമായിട്ടായിരുന്നു വിധിയെഴുത്ത്. ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, ആളൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉൾക്കൊള്ളുന്നതാണ് ഇരിങ്ങാലക്കുട നിയോജക നിയോജകമണ്ഡലം.
1970കളില്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന് 1957ല്‍ ഇരിങ്ങാലക്കുടയില്‍ നിന്നാണ് ആദ്യമായി കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയില്‍ എത്തുന്നത്. 1960ലും സി. അച്യുതമേനോന് തന്നെയായിരുന്നു വിജയിച്ചത്. തുടര്‍ന്ന് ഇരുമുന്നണികളും വിജയിച്ചിരുന്നു. എന്നാല്‍ 1982 മുതല്‍ 1996 വരെ തുടര്‍ച്ചയായി നാലുതവണ എല്‍.ഡി.എഫ് സ്വതന്ത്രനായി ലോനപ്പന് നമ്പാടന് ഇരിങ്ങാലക്കുടയുടെ പ്രതിനിധിയായിരുന്നു. 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ടി. ശശിധരനും യു.ഡി.ഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാർഥി അഡ്വ. തോമസ് ഉണ്ണിയാടനും തമ്മിലായിരുന്നു മത്സരം.
സി.പി.എമ്മിലെ ടി. ശശിധരന് അപരനായി യു.ഡി.എഫ് പാലക്കാട് സ്വദേശിയായ മറ്റൊരു ടി. ശശിധരനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയും അദ്ദേഹം 1867വോട്ടുകള്‍ പിടിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി. ശശിധരന് കേവലം 406 വോട്ടുകള്‍ക്ക് പരാജയപ്പെടുകയുമായിയിരുന്നു. തുടര്‍ന്ന് 2006ലും 2011ലും യു.ഡി.എഫിലെ അഡ്വ. തോമസ് ഉണ്ണിയാടന് തന്നെയായിരുന്നു ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ചത്.
ഇരിങ്ങാലക്കുടയില്‍ ബി.ജെ.പി ഒരു ശക്തിയായിരുന്നില്ല. 2009ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ ഇരിങ്ങാലക്കുട നിയേജകമണ്ഡലത്തില്നിന്നും യു.ഡി.എഫിലെ പി.സി. ചാക്കോ 53,984 വോട്ടും എല്‍.ഡി.എഫിലെ സി.എന്‍. ജയദേവന് 49,139 വോട്ടും നേടിയപ്പോള്‍ ബി.ജെ.പിയിലെ അഡ്വ. രമ രഘുനാഥന് നേടിയത് കേവലം 7209 വോട്ടുകള്‍ മാത്രമാണ്. 2014ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിലെ സി.എന്‍. ജയദേവന് 56,314 വോട്ടും യു.ഡി.എഫിലെ കെ.പി. ധനപാലന് 51,313 വോട്ടും ബി.ജെ.പി.യിലെ കെ.പി. ശ്രീശന് 14,048 വോട്ടും ലഭിച്ചു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ പ്രഫ. കെ.യു. അരുണന് 59,730 വോട്ടും നിലവിലെ എം.എല്‍.എയായിരുന്ന യു.ഡി.എഫിലെ അഡ്വ. തോമസ് ഉണ്ണിയാടന് 57,019 വോട്ടുമാണ് ലഭിച്ചത്. അതേസമയം, രാഷ്ടീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബി.ജെ.പി.യിലെ സന്തോഷ് ചെറാകുളം 30,420 വോട്ടുകളാണ് നേടിയത്. 2019ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിലെ ടി.എന്‍. പ്രതാപന് 57,481 വോട്ടും എല്‍.ഡി.എഫിലെ രാജാജി തോമസ് മാത്യുവിന് 46,091 വോട്ടും ബി.ജെ.പിയിലെ സുരേഷ് ഗോപിക്ക് 42,848 വോട്ടും ലഭിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ഡോ. ആര്. ബിന്ദുവിന് 62,493 വോട്ടും യു.ഡി.എഫിലെ തോമസ് ഉണ്ണിയാടന് 56,544 വോട്ടും ബി.ജെ.പിയിലെ ജേക്കബ് തോമസിന് 34,329 വോട്ടുമാണ് കിട്ടിയത്. 2024ലെ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് നേരിടേണ്ടത് കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പാണ്.
തട്ടിപ്പിന് ഇരയായി തീര്‍ന്നതില്‍ ഭൂരിപപക്ഷവും എല്‍.ഡി.എഫ് അംഗങ്ങളോ അനുഭാവികളോ ആണ്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നടന്ന സമരപരമ്പരകളില് കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയായിരുന്നു. കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസം തകര്‍ത്ത ഈ തട്ടിപ്പിനെ ലാഘവബുദ്ധിയോടെ കണ്ടതിന്റെ അനന്തര ഫലവും ഒരുപക്ഷേ, ഈ തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചേക്കാം.
കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ട്. ബി.ജെ.പി സ്ഥാനാർഥിയായ സുരേഷ് ഗോപിയും മണ്ഡലത്തിലെ പ്രചാരണങ്ങളിൽ സജീവമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ഇരിങ്ങാലക്കുട നഗരസഭ ഒഴികെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഭരണവും എല്‍.ഡി.എഫിനാണ്. ഇതാണ് എല്‍.ഡി.എഫിന് ആത്മവിശ്വാസം നല്കുന്ന ഘടകം. മൂന്നു മുന്നണികളും തങ്ങൾ ജയിക്കും എന്ന അവകാശവാദവുമായി മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.