ഇരിങ്ങാലക്കുട: മെഡിക്കല്‍ എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് (കീം -2021) അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ വിവിധങ്ങളായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനായി വില്ലേജ് ഓഫിസുകളും താലൂക്ക് ഓഫിസും കയറിയിറങ്ങുന്ന പതിവുരീതിക്ക് കോവിഡ് കാലത്തെ ലോക്ഡൗണിലും മാറ്റമില്ല. ജാതി, വരുമാനം, നേറ്റിവിറ്റി, നോണ്‍ ക്രീമിലെയര്‍, മൈനോറിറ്റി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണമെന്ന നിർദേശം പിന്‍വലിക്കണമെന്ന ആവശ്യത്തിന് ആറു വര്‍ഷത്തിലേറെ പഴക്കമുണ്ട്.
എന്നാല്‍, സര്‍ട്ടിഫിക്കറ്റുകളെല്ലാം നിലനിര്‍ത്തിയും സംവരണേതര വിഭാഗത്തിലെ അപേക്ഷകരില്‍ നിന്നും സാമ്പത്തികമായ പിന്നാക്കാവസ്ഥ കാണിച്ചുള്ള എക്കണോമിക്കിലി വീക്കര്‍ സെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് പുതിയതായി ഏര്‍പ്പെടുത്തിയും പരീക്ഷ കമീഷണറേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 21 ആണ്. പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി പിന്‍വലിച്ച് പ്രവേശന യോഗ്യത നേടുന്നവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന അഭിപ്രായം ഇത്തവണയും പരിഗണിക്കപ്പെട്ടില്ല.
ലോക്ഡൗണ്‍ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ പോലുമാകാതെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ഓണ്ലൈനായെത്തുന്ന അപേക്ഷകളില്‍ വില്ലേജ് ഓഫിസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നുണ്ട്. പ്രവേശന പരീക്ഷക്കായി ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളെല്ലാം ഓണ്‍ലൈനില്‍ ലഭിക്കുന്നവയല്ലെന്നും നേരിട്ട് നല്കേണ്ടവയുണ്ടെന്നും വില്ലേജ് ഓഫിസര്‍മാര്‍ പറയുന്നു. മാതാപിതാക്കള്‍ ജനിച്ചുവളര്‍ന്ന വില്ലേജുകളിലുള്െപ്പടെ പ്രാദേശിക അന്വേഷണം നടത്തിയും ജാതി, സ്വത്ത്, വരുമാന വിവരങ്ങള്‍ ശേഖരിച്ച ശേഷവുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ മിക്കതും അനുവദിക്കേണ്ടത്. അപേക്ഷകര്‍ ആദ്യമെത്തുന്ന വില്ലേജ് ഓഫിസുകള്‍ ലോക്ഡൗണ്‍ കാലയളവില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചെത്തുന്നത് കോവിഡ് സാഹചര്യത്തില്‍ ഗുണകരമല്ലെന്നും വിലയിരുത്തപ്പെടുന്നു.
പ്രവേശന പരീക്ഷ അപേക്ഷക്കൊപ്പംതന്നെ വിവിധങ്ങളായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണമെന്ന നിർദേശം പിന്‍വലിക്കാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് നിർദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാര്‍ട്മെൻറ് സ്റ്റാഫ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.