ഇരിങ്ങാലക്കുട: നഗരസഭയിൽ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ വിവിധ വാർഡുകളിൽനിന്നായി 1500ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി. മാസങ്ങളോളം മുടങ്ങിയ പെൻഷൻ വിതരണം പുനരാരംഭിച്ച വേളയിലാണ് ഈ കണ്ടെത്തൽ. വാർധക്യ-വിധവ പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ നേരത്തെ തന്നെ സമർപ്പിച്ചിരുന്നെങ്കിലും ഗുണഭോക്താക്കളുടെ പട്ടികയിൽ അധികം പേരും ഇടംപിടിച്ചിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഗുണഭോക്താക്കളിൽനിന്നുള്ള അന്വേഷണങ്ങൾ എത്തിത്തുടങ്ങിയതോടെ ജനപ്രതിനിധികളും സമ്മർദത്തിലായി. നഗരസഭയിലെ ജനറൽ വിഭാഗമാണ് വിഷയം കൈകാര്യം ചെയ്യുന്നത്.
സംസ്ഥാന വ്യാപകമായി ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സംഭവം വിഷയമായതോടെ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതിയുടെ അടിയന്തര യോഗം ചേർന്ന് വിഷയം പരിശോധിക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതി നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും നൽകിയിട്ടുണ്ടെന്ന് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ അറിയിച്ചു. സാങ്കേതിക പിഴവുകൾ മൂലമാണോ ഇത് സംഭവിച്ചതെന്ന് അറിയാൻ നഗരസഭയിലെ ഐ.ടി വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.