ഇരിങ്ങാലക്കുട: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊമ്പിടിഞ്ഞാമക്കൽ വരദനാട് സ്വദേശി തേവലപ്പിള്ളി വീട്ടിൽ ഡെയ്സൻ (25), പുത്തൻചിറ മൂരിക്കാട് സ്വദേശി പടത്തുരുത്തി വീട്ടിൽ മെബിൻ (33) എന്നിവരെയാണ് ആളൂർ എസ്.ഐ കെ.എസ്. സുബിന്ത് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് കുഴിക്കാട്ടുശ്ശേരിയിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്നുള്ള അടിപിടിയിലാണ് വെളയനാട് സ്വദേശി രജീഷിന് തലക്ക് മാരകമായി മുറിവേറ്റത്. ഇയാൾ ചികിത്സയിലാണ്. സംഭവ ശേഷം മുങ്ങിയ പ്രതികൾക്കു വേണ്ടി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. എറണാകുളത്തേക്കു കടന്നെങ്കിലും രണ്ടു പ്രതികളെയും മണിക്കൂറുകൾക്കകം അന്വേഷണ സംഘം പിടികൂടി ചെവ്വാഴ്ച രാത്രി തന്നെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച ബാറിൽ മദ്യത്തിന്റെ പണം കൊടുക്കുന്നത് സംബന്ധിച്ച് പരിക്കേറ്റ രജീഷും മെബിനും തമ്മിലുള്ള തർക്കത്തിൽ ഡെയ്സൻ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് രോഷാകുലനായ ഡെയ്സൻ കുടിവെള്ളം വെയ്ക്കുന്ന സ്റ്റീൽ ജഗുകൊണ്ട് രജീഷിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മെബിനും ബിയർ കുപ്പികൊണ്ട് അടിച്ചതായി പറയുന്നു. മദ്യത്തിന് അടിമയായ പ്രതികളിൽ രണ്ടാം പ്രതി കൊടുങ്ങല്ലൂർ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ്. കൂടാതെ മാള സ്റ്റേഷനിലും ഇരിങ്ങാലക്കുട സ്റ്റേഷനിലും ഇയാൾക്ക് കേസുകളുണ്ട്.
എസ്.ഐ രവി, ഡിവൈ.എസ്.പി. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ സതീഷ് അജിത്ത് ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.