ഇരിങ്ങാലക്കുട: മോന്തച്ചാലിൽ വിജയന് കൊലക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും 1,80,000 രൂപ വീതം പിഴയും. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ കാറളം വില്ലേജില്‍ കിഴുത്താണി ഐനി വീട്ടില്‍ രഞ്ജിത്ത് (രഞ്ജി -32), നെല്ലായി പന്തല്ലൂര്‍ ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ ജോർജ് (30), കാറളം പുല്ലത്തറ പെരിങ്ങാട്ടില്‍ വീട്ടില്‍ പക്രു എന്ന നിധീഷ് (30), പൊറത്തിശ്ശേരി മൂര്‍ക്കനാട് കറപ്പ് പറമ്പില്‍ വീട്ടില്‍ അഭിനന്ദ് (22), വേളൂക്കര കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ ജോസഫ് (28), എട്ടാം പ്രതി പുല്ലൂര്‍ ഗാന്ധിഗ്രാം വേലത്തുകുളം തൈവളപ്പില്‍ അഭിഷേക് (ടുട്ടു -25) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്. 2018 മേയ് 27ന് രാത്രി 11.15ന് രാത്രി വിജയെൻറ വീട്ടിൽ അതിക്രമിച്ചുകയറി വിജയനെയും ഭാര്യ അംബികയെയും അമ്മ കൗസല്യയെയും ആക്രമിച്ചിരുന്നു. വിജയൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും വധശ്രമത്തിന് 10 വർഷം കഠിന തടവും വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷം കഠിന തടവും ഗുരുതര പരിക്കേൽപിച്ചതിന് അഞ്ച് വർഷം കഠിന തടവും ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 32 വർഷം കഠിന തടവ് അനുഭവിക്കണമെന്നാണ് വിധി. പിഴ അടക്കാത്തപക്ഷം ഏഴുവർഷം കഠിനതടവും അനുഭവിക്കണം. ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴസംഖ്യയിൽനിന്ന് 10 ലക്ഷം രൂപ വിജയെൻറ ഭാര്യക്ക് നൽകണം. കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി.
പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, വി.എസ്. ദിനൽ, കെ.ആർ. അർജുൻ, അൽജോ പി. ആൻറണി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.