ഇരിങ്ങാലക്കുട: കോവിഡ് ചട്ടം ലംഘിച്ച് വിവാഹ ചടങ്ങുകൾ നടത്തുകയും ഭക്ഷണം വിളമ്പുകയും ചെയ്ത എം.സി.പി കൺവെൻഷൻ സെൻററിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഉത്തരവ്. കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.
2021 ഒക്ടോബർ 31 വരെയാണ് സെൻററിന് പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. കൺവെൻഷൻ സെൻറർ നിൽക്കുന്ന 12ാം വാർഡ് തീവ്രലോക്ഡൗൺ പരിധിയിൽ ഉൾപ്പെട്ട വേളയിൽ ജില്ല ഭരണകൂടത്തിെൻറ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തിയതിനാണ് നടപടി.
പ്രവർത്തനം സംബന്ധിച്ച് നഗരസഭയിൽനിന്ന് നൽകിയ അറിയിപ്പുകളും നോട്ടീസുകളും ലംഘിച്ചതായും ഉത്തരവിൽ പറയുന്നു. ഉത്തരവിെൻറ പകർപ്പ് ജില്ല ഭരണകൂടത്തിനും കൺവെൻഷൻ സെൻറർ ലൈസൻസിക്കും സർക്കിൾ ഇൻസ്പെക്ടർക്കും നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്കും കൈമാറി. കോവിഡ് ലംഘനങ്ങളുടെ പേരിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നഗരസഭക്ക് അധികാരമില്ലെന്ന് നഗരസഭ ഭരണ നേതൃത്വം വിശദീകരിച്ച് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പാണ് ഉത്തരവിറങ്ങിയത്. കോവിഡ് ചട്ട ലംഘനത്തിന് കൺവെൻഷൻ സെൻററിെൻറ പേരിൽ നടപടി സ്വീകരിക്കണമെന്ന് കാട്ടി വാർഡ് കൗൺസിലർ മാർട്ടിൻ ആലേങ്ങാടനും എൽ.ഡി.എഫ് കൗൺസിലർമാരും സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എസ്. പ്രസാദും അധികൃതർക്ക് പരാതി നൽകിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ എൽ.ഡി.എഫിെൻറയും ബി.ജെ.പിയുടെയും ആവശ്യ പ്രകാരം അടിയന്തര കൗൺസിൽ ചേർന്നിരുന്നു. ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും വിഷയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ നഗരസഭക്ക് അധികാരമില്ലെന്ന് പറഞ്ഞ് യോഗം ചെയർപേഴ്സൻ പിരിച്ചുവിടുകയായിരുന്നു.
ചെയർപേഴ്സൻ രാജിവെക്കണമെന്ന് എൽ.ഡി.എഫ്
ഇരിങ്ങാലക്കുട: എം.സി.പി കൺവെൻഷൻ സെൻററിലെ കോവിഡ് ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിലിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി ധാർമികതയുടെ പേരിൽ രാജിവെക്കണമെന്ന് എൽ.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സെൻററിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് ആവർത്തിച്ച് കൗൺസിലിൽ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നഗരസഭക്ക് അധികാരമില്ലെന്നാണ് ചെയർപേഴ്സൻ പറഞ്ഞത്. ഇപ്പോൾ ലൈസൻസ് സസ്പെൻഡ് ചെയ്ത് നഗരസഭ സെക്രട്ടറി തന്നെ ഉത്തരവിറക്കിയ സാഹചര്യത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും വ്യക്തമായിരിക്കുകയാണ്. വിഷയം ഉയർന്ന് വന്ന ഘട്ടത്തിൽ കൗൺസിലിൽ ഭരണനേതൃത്വം കൃത്യമായ വിശദീകരണം തന്നിരുന്നുവെങ്കിൽ, കൗൺസിൽ കലുഷിതമാക്കുകയില്ലായിരുന്നുവെന്ന് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ അഡ്വ കെ.ആർ. വിജയ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ സെക്രട്ടറി വ്യക്തമായ നിർദേശം ഭരണസമിതിക്ക് നൽകിയില്ലെന്നും അഡ്വ. കെ.ആർ. വിജയ കുറ്റപ്പെടുത്തി. ലോക്കൽ സെക്രട്ടറി എം.ബി. രാജു, കെ.എസ്. പ്രസാദ്, എൽ.ഡി.എഫ് കൗൺസിലർമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.