ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് എമിഗ്രോ സ്റ്റഡി എബ്രോഡ് സ്ഥാപനം വഴി നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ഒന്നാം പ്രതി കുന്നംകുളം സ്വദേശി കിടങ്ങന്‍ വീട്ടില്‍ മിജോ കെ. മോഹന്‍ (31), മൂന്നാം പ്രതി ഇരിങ്ങാലക്കുട ചക്കാലക്കല്‍ വീട്ടില്‍ സുമേഷ് ആന്റണി (39) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ഗ്രേ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കാട്ടൂര്‍ സി.ഐ മഹേഷ്കുമാര്‍ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി എടപ്പാള്‍ സ്വദേശി ആസിഫ് ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.
അമേരിക്ക, കാനഡ, യു.കെ രാജ്യങ്ങളിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നല്കി ഉപഭോക്താക്കളില്‍നിന്ന് കോടികള്‍ തട്ടിയെടുത്തെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ വരെ വിസക്കായി നല്കി മാസങ്ങള്‍ കാത്തിരുന്നിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ഇവരെ ബന്ധപ്പെടുമ്പോള്‍ വീണ്ടും കാലാവധി നീട്ടിപ്പറയുന്നതിനെ തുടര്‍ന്നാണ് പരാതിയുമായി നിരവധി പേര് രംഗത്ത് എത്തിയത്.
സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളില്‍നിന്നായി നൂറോളം പരാതികളാണ് ഇവര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലും തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്തും ലഭിച്ചിട്ടുള്ളത്. അഞ്ച് കേസുകളിലായി 27 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇപ്പോള്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏകദേശം അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് നടത്തിയ തുക ആഡംബര ജീവിതത്തിനായി പ്രതികള്‍ ഉപയോഗിച്ചിരുന്നെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
എമിഗ്രോ സ്റ്റഡി എബ്രോഡിനോട് ചേർന്ന എമിഗ്രോ സൂപ്പര്‍ മാര്‍ക്കറ്റിലും പ്രതികള്‍ മൂന്നുപേരും പാര്‍ട്ണര്‍മാരാണ്. ഇതിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
എസ്.ഐമാരായ എം.എസ്. ഷാജന്, സി.എം. ക്ലീറ്റസ്, എ.എസ്.ഐമാരായ ശ്രീധരന്, സേവ്യര്‍, ജസ്റ്റിന്, നൂറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.