ഇരിങ്ങാലക്കുട: സംസ്ഥാനത്ത് ആദ്യമായി രൂപം കൊണ്ട വനിതകളുടെ നൈറ്റ് പട്രോളിങ് ടീം ആയ ‘പെൺകാവൽ’ വഴി സ്ത്രീകളുടെ നേതൃശേഷിയും പങ്കാളിത്തവും വർധിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
ഇരിങ്ങാലക്കുട ജനമൈത്രി പൊലീസും ജനമൈത്രി സുരക്ഷ സമിതിയും ക്രൈസ്റ്റ് കോളജും സാമൂഹിക സേവന സന്നദ്ധ സംഘടനയായ തവനീഷും സംയുക്തമായി നടത്തുന്ന പെൺകാവൽ നൈറ്റ് പട്രോളിങ് ടീമിന്റെ ഉദ്ഘാടനം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
പൊലീസും ജനങ്ങളുമായി കൈകോർക്കുന്ന സംവിധാനമാണ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ നടപ്പിലാക്കിയ ജനമൈത്രി പൊലീസ് പദ്ധതി. അതിലേക്ക് വനിത ഇടപെടൽകൂടി പെൺകാവൽ വഴി വരികയാണ്. സ്ത്രീകളുടെ നേതൃശേഷിയും കർമോത്സുകതയും വർധിപ്പിക്കാൻ ഇത്തരം പദ്ധതികൾ വഴി കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനമൈത്രി സുരക്ഷ സമിതി അംഗവും നൈറ്റ് പട്രോളിങ് ടീം ക്യാപ്റ്റനുമായ അഡ്വ. കെ.ജി. അജയകുമാർ പദ്ധതി വിശദീകരിച്ചു. വനിത പൊലീസുകാർക്കൊപ്പം ക്രൈസ്റ്റ് കോളജ് വിദ്യാർഥികളും നൈറ്റ് പട്രോളിങ് ടീമിലുണ്ട്. വിദ്യാർഥികൾക്ക് ഉള്ള യൂനിഫോം വിതരണവും മന്ത്രി നിർവഹിച്ചു.
ഡിവൈ.എസ്.പി ബാബു കെ. തോമസ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി, ജനമൈത്രി സുരക്ഷ സമിതി അംഗം മുവീഷ് മുരളി, വനിത പട്രോളിങ് ടീമംഗം മോഹന ലക്ഷ്മി എന്നിവർ സംസാരിച്ചു. സബ് ഇൻസ്പെക്ടറും ജനമൈത്രി പി.ആർ.ഒയുമായ കെ.പി. ജോർജ് സ്വാഗതവും ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ എസ്. സുദര്‍ശന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.