തൃശൂർ: തസ്തികകൾ വെട്ടിക്കുറച്ചും കരാർ നിയമനങ്ങൾക്ക് സാധുത നൽകിയും വൈദ്യുതി ബോർഡിലെ കരട് സ്പെഷൽ റൂൾസ്. നിലവിലെ ഏഴ് തസ്തികകൾ ഒഴിവാക്കുന്നതോടൊപ്പം കരാർ നിയമനങ്ങൾക്ക് മൗനാനുവാദം നൽകി 13 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും നിർദേശിക്കുന്നതാണ് കമ്പനിയായ ശേഷമുള്ള പ്രഥമ സ്പെഷൽ റൂൾസ് കരട് രേഖ.
പുതു തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് ജീവനക്കാരെ ലഭിക്കും വരെ ഒരു വർഷം കരാർ നിയമനത്തിന് ചെയർമാന് അധികാരം നൽകുന്നുമുണ്ട്. ബോർഡ് തീരുമാനിച്ചാൽ കരാർ നിയമനം അഞ്ചുവർഷം നീട്ടിനൽകാമെന്നും പറയുന്നു. സ്ഥാനക്കയറ്റത്തിന് നിശ്ചിത കാലപരിധി നിശ്ചയിച്ച സാഹചര്യത്തിലാണ് പുതുതായി സൃഷ്ടിക്കുന്ന തസ്തികകളിലേറെയും കരാർ നിയമനം നടക്കുക. ഈ തസ്തികയിൽ മറ്റു വകുപ്പുകളിൽനിന്ന് െഡപ്യൂട്ടേഷനിൽ ജീവനക്കാരെ എടുക്കാമെന്ന സംഘടനകളുടെ നിർദേശം ബോർഡ് മുഖവിലക്കെടുത്തിട്ടില്ല.
2010ലെ കേന്ദ്ര വൈദ്യുതി നിയമത്തിന് അനുഗുണമായി ഗുണമേന്മയുള്ള സേവനസന്നദ്ധ സേനയെ വളർത്തിയെടുക്കാനാവശ്യമായ മാനദണ്ഡങ്ങൾ വിശദീകരിക്കുന്ന കരട് രേഖ ആഴ്ചകൾക്ക് മുമ്പാണ് പുറത്തിറക്കിയത്. വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ച കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവിൽവന്ന ശേഷം അതിൽ നിർദേശിച്ച യോഗ്യതക്കനുസരിച്ചായിരുന്നില്ല ബോർഡിൽ 2014ലും 2016ലും 2019ലും നടന്ന നിയമനങ്ങൾ.
എന്നാൽ, കരട് സ്പെഷൽ റൂളുകളിൽ വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുേമ്പാൾ നിലവിൽ ബോർഡിൽ തുടരുന്ന 'യോഗ്യതക്കുറവു'ള്ള ജീവനക്കാരെ പുനർവിന്യസിക്കുന്നത് സംബന്ധിച്ച് ഒന്നും പറയുന്നില്ല. നിലവിലെ ജീവനക്കാരുടെ യോഗ്യതയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശവും രേഖയിൽ ഇടംപിടിച്ചിട്ടില്ല. കെ.എസ്.ഇ.ബിയിൽ 34,000 സ്ഥിര ജീവനക്കാരും 60,000ത്തോളം കരാർ തൊഴിലാളികളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.