കയ്പമംഗലം: മൂന്നുപീടികയിലെ ജ്വല്ലറി കവര്‍ച്ച കെട്ടിച്ചമച്ചതാണെന്ന് മനസ്സിലായിരിക്കെ, ഉടമക്കെതിരെ നിക്ഷേപകരുടെ പരാതി. ലാഭവിഹിതം നല്‍കാമെന്ന ഉറപ്പില്‍ സ്വര്‍ണം കൈപ്പറ്റുകയും വഞ്ചിക്കുകയും ചെയ്തെന്നുകാണിച്ച് മതിലകം സ്വദേശികളായ നേര്‍സ സലീം, റിയാദ് സലാം എന്നിവരാണ് കയ്പമംഗലം പൊലീസില്‍ പരാതി നല്‍കിയത്.
ബന്ധുവായ ജ്വല്ലറി ഉടമ, 2005 ആഗസ്റ്റില്‍ ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ 30 പവന് സ്വര്‍ണം കൈക്കലാക്കി എന്നാണ് പരാതി. ഓരോ വര്‍ഷവും മൂന്നുപവന്‍ വീതം ലാഭവിഹിതം നല്‍കുമെന്ന് ഉറപ്പുപറഞ്ഞിരുന്നെങ്കിലും അത് നിക്ഷേപത്തില്‍ ചേര്‍ത്താല്‍ കൂടുതല്‍ ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
2010 ഒക്ടോബറില്‍ ഇങ്ങനെ 42 പവന് ഇവര്‍ക്ക് ലഭിക്കാനുണ്ടായിരുന്നെങ്കിലും അതുംകൂടി ചേര്‍ത്ത് കരാര്‍ പുതുക്കുകയായിരുന്നു. 2019 ആഗസ്റ്റില്‍ കരാര്‍ പുതുക്കുന്ന സമയത്ത് കഴിഞ്ഞ കാലയളവിലുള്ള മൊത്തം ലാഭവിഹിതം ഉടന്‍തന്നെ നല്‍കാമെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍, തുടര്‍ന്ന് പലതവണ അര്‍ഹതപ്പെട്ട മുതലിനായി ബന്ധപ്പെട്ടെങ്കിലും ഉടമ ഒഴിഞ്ഞുമാറി എന്നും പരാതിയില്‍ ആരോപിക്കുന്നു.
മതിലകം, പെരിഞ്ഞനം, ചക്കരപ്പാടം, കയ്പമംഗലം, പടിയൂര്‍ ഭാഗങ്ങളില്‍നിന്ന് നിരവധിപേര്‍ സ്വര്‍ണമായും പണമായും ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് നിക്ഷേപ പദ്ധതിയിലേക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.എന്നാല്‍, നാണക്കേടും നിക്ഷേപം നഷ്ടപ്പെടുമോ എന്ന ആധിയും കാരണമാണ് ആരും പരാതി നല്കാന് തയാറാകാത്തതെന്ന് പൊലീസ് കരുതുന്നു. കയ്പമംഗലത്ത് ഇത്തരം മൂന്നു പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.