തൃശൂർ: പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പഠനമോ ചർച്ചകളോ ഇല്ലാതെ സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന കെ റെയിൽ പദ്ധതിയിൽനിന്ന് പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിെൻറ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. കെ റെയിലിനായി ജില്ലയുടെ ചില ഭാഗങ്ങളിൽ നാട്ടിയ അതിരു കല്ലുകൾ പിഴുതുമാറ്റുന്നത് ഉൾപ്പെടെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലയിൽ ഒമ്പത് നിയോജകമണ്ഡലങ്ങളിലെ 36 വില്ലേജുകളിലൂടെയാണ് കെ റെയിൽ സിൽവർ ലൈൻ കടന്നുപോകുന്നത്. ഈ വില്ലേജുകളിൽ വിദഗ്ധർ പ്രതിരോധ സമിതി രൂപവത്കരിക്കും. തുടർന്ന് വില്ലേജ് തലത്തിലും ജില്ലതലത്തിലും വിദഗ്ധർ അടക്കമുള്ളവരെ ഉൾപ്പെടുത്തി വിശദമായ ചർച്ച നടത്തി പ്രതിരോധ പരിപാടികൾ സ്വീകരിക്കും.
ശനിയാഴ്ച നടക്കുന്ന മാർച്ചിൽ 15,000ത്തോളം പ്രവർത്തകർ പങ്കെടുക്കും. രാവിലെ 10ന് പടിഞ്ഞാറേകോട്ടയിൽനിന്ന് ആരംഭിക്കും. ധർണ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാരും എം.എൽ.എയും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജോസഫ് ചാലിശ്ശേരി, ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ല കൺവീനർ കെ.ആർ. ഗിരിജൻ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.വി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.