തൃശൂർ: കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യ പ്രതികളുടെ ബന്ധുക്കളും പ്രതിപ്പട്ടികയിലേക്ക്. നാലാംപ്രതി കിരണിന്റെ ഭാര്യപിതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി തള്ളി. ചാവക്കാട് ഒരുമനയൂര്‍ മുത്തന്മാവ് കക്കോടി വീട്ടില്‍ അജിത്ത് കുമാര്‍ മേനോന്റെ (65) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ല സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് തള്ളിയത്.
ഭരണസമിതിയുടെയും സെക്രട്ടറിയുടെയും മാനേജറുടെയും ഒത്താശയോടെ 50 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. ചാലക്കുടി അന്നനാട് കാമ്പളത്തുവീട്ടില് ബോസ്, മകന് ഗൗതം ബോസ് എന്നിവരുടെയും മാതാപിതാക്കളുടെയും കൂട്ടായ പേരിലുള്ള വസ്തുക്കളാണ് കിരണിന്റെ ഭാര്യപിതാവ് കൃത്രിമ രേഖകള്‍ ചമച്ച് ബാങ്കില്‍ ഈടുവെച്ച് 50 ലക്ഷത്തിന്റെ വായ്പയെടുത്തത്.
തുക റബ്കോ കമീഷന് ഏജന്റിന്റെ അക്കൗണ്ടിലേക്ക് വകമാറ്റി വന്‍ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് അജിത് കുമാർ മേനോൻ സെഷന്‍സ് കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് കേസ് ഫയലും രേഖകളും കോടതി പരിശോധിച്ചു.
പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും തുടര്‍ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നുമുള്ള ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.