തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡിയുടെ അന്വേഷണം മുറുകുമ്പോൾ പകച്ച് സി.പി.എം. നേതാക്കളെയാകെ സംശയനിഴലിലും പ്രതിക്കൂട്ടിലുമാക്കിയാണ് ഇ.ഡിയുടെ അന്വേഷണം നീങ്ങുന്നത്. ബാങ്ക് ജീവനക്കാരിലും ഭരണസമിതി അംഗങ്ങളിലുമായി തട്ടിത്തടഞ്ഞ് നീങ്ങിയിരുന്ന അന്വേഷണത്തിനെതിരെ വിവിധ മേഖലകളിൽനിന്ന് വിമർശനമുയരുന്നതിനിടെയാണ് ഗതിയാകെ മാറിയുള്ള പുതിയ നീക്കമുണ്ടായത്.
പുലർകാലത്ത് സി.പി.എമ്മിന്റെ മുതിർന്ന നേതാവ് എ.സി. മൊയ്തീന്റെ വീട്ടിലെത്തിയുള്ള അപ്രതീക്ഷിത പരിശോധന പിറ്റേന്ന് പുലരുവോളം നീണ്ടതും പിന്നാലെ 28 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം മരവിപ്പിച്ച നടപടിയുമായതോടെയാണ് അതുവരെ കരുവന്നൂർ ബാങ്ക് ക്രമക്കേടിനെ ഗൗരവത്തിൽ കാണാതിരുന്ന സി.പി.എമ്മിനെ ഞെട്ടിച്ചത്. പിന്നാലെ ചോദ്യം ചെയ്യലിന് ഹാജറാവാൻ മൊയ്തീന് നോട്ടീസ് നൽകിയതോടെ ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിച്ചു. രണ്ടുതവണയായി ചോദ്യം ചെയ്യലിന് ഹാജറാവാനുള്ള നോട്ടീസിന് അവധി നൽകി വൈകിപ്പിച്ചത് ബോധപൂർവമാണെന്നാണ് നേതാക്കൾതന്നെ പറയുന്നത്.
കഴിഞ്ഞ ദിവസം മൊയ്തീന്റെ ബിനാമികളെന്ന് പറയുന്ന സതീഷ് കുമാറിനെയും പി.പി. കിരണിനെയും അറസ്റ്റ് ചെയ്യുകയും കേസിൽ ഒന്നും രണ്ടും പ്രതികളുമാക്കിയതോടെയാണ് കരുവന്നൂർ വായ്പ തട്ടിപ്പ് കേസല്ല ഇ.ഡിയുടെ അന്വേഷണമെന്ന് വ്യക്തമാവുന്നത്. ചോദ്യം ചെയ്യലിന് ഹാജറാവുമെന്ന മൊയ്തീന്റെ ആദ്യ പ്രഖ്യാപനത്തിന് ശേഷം പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ ചർച്ചയാക്കേണ്ടെന്ന നിലപാടിൽ ഹാജറാവുന്നതിൽനിന്ന് പിന്മാറിയെങ്കിലും സതീഷ് കുമാറിന്റെയും കിരണിന്റെയും അറസ്റ്റ് മൊയ്തീനുള്ള സൂചനയാണെന്ന വിലയിരുത്തലിലാണ് നേതാക്കൾ. മുതിർന്ന അഭിഭാഷകരുമായി നിയമനടപടികളിലേക്കും പാർട്ടി കടന്നിട്ടുണ്ട്.
ഏറ്റവും ഒടുവിലായി എം.എൽ.എയും മുൻ എം.പിയും പണം വാങ്ങിയതിന് തെളിവുണ്ടെന്ന ഇ.ഡിയുടെ വെളിപ്പെടുത്തൽ തൃശൂർ സി.പി.എമ്മിൽ മാത്രമല്ല, സംസ്ഥാനത്തെ പാർട്ടിയെ ആകെ ബാധിക്കുന്നതാണ്. മുൻ എം.പിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ടെലിഫോൺ സംഭാഷണമുണ്ടെന്നാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. ഇതോടൊപ്പം രണ്ട് കോടി സതീഷ് കുമാർ കൈമാറുന്നത് കണ്ടുവെന്ന് കലക്ഷൻ ഏജന്റിന്റെ മൊഴിയും മൂന്നുകോടി കൈമാറിയെന്ന് മറ്റൊരു സാക്ഷിമൊഴി ഉണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. വടക്കാഞ്ചേരി കേന്ദ്രീകരിച്ചുള്ള നേതാക്കളുമായാണ് സതീഷ് കുമാറിന്റെ ഇടപാടുകൾ കൂടുതലും നടന്നിട്ടുള്ളത്. ഇവരാകട്ടെ, എ.സി. മൊയ്തീനുമായി ഏറെ അടുപ്പമുള്ളവരും വിശ്വസ്തരുമാണ്. ഇ.ഡിയുടെ അന്വേഷണം നീളുന്നത് പാർട്ടിയിലെ തലകൾക്ക് നേരെയാണെന്നത് നിലനിൽപുതന്നെ അപകടത്തിലാക്കുന്നതാണ്. മൊയ്തീനെ അറസ്റ്റ് ചെയ്യുന്ന നിലയുണ്ടായാൽ നേതാക്കളുടെ എണ്ണം ഇനിയും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.