വെള്ളാനിക്കര (തൃശൂർ): കേരള കാർഷിക സർവകലാശാലയുടെ 50ാം സ്ഥാപിത ദിനാഘോഷ ചടങ്ങുകൾ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ-പൊന്നാനി കോൾനിലങ്ങളിലെ സമഗ്ര വികസനത്തിലൂടെ വർഷം മുഴുവൻ കൃഷിയും വരുമാനവും ഉറപ്പാക്കുന്നതിനുള്ള കർമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
സുവർണജൂബിലി വർഷത്തിൽ കാർഷിക പ്രാധാന്യമുള്ള 50 ബ്ലോക്കുകൾ കാർഷിക സർവകലാശാല ദത്തെടുത്ത് അവയുടെ സമഗ്ര കാർഷിക വികസനം സാധ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഗവ. ചീഫ് വിപ്പ് കെ. രാജൻ അധ്യക്ഷത വഹിച്ചു. തമിഴ്നാട് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. എൻ. കുമാർ സ്ഥാപിത പ്രഭാഷണം നടത്തി.
കാർഷിക ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞതിൽ കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു.
കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, രജിസ്ട്രാർ ഡോ. എ. സക്കിർ ഹുസൈൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
1971ലാണ് കേരളത്തിലെ ഏക കാർഷിക സർവകലാശാല വെള്ളാനിക്കരയിൽ സ്ഥാപിതമായത്. അന്നത്തെ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ ചെയർമാനായിരുന്ന ഡോ. സി.എസ്. കോത്താരിയുടെ ശിപാർശപ്രകാരം ഓരോ സംസ്ഥാനത്തും കാർഷിക സർവകലാശാലകൾ സ്ഥാപിക്കുന്നതിെൻറ ഭാഗമായാണിത് നിലവിൽ വന്നത്. വിള പരിപാലനം, വന പരിപാലനം തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നിവ കൈകാര്യം ചെയ്യുന്നു.
2011ൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റി, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല, കേരള അഗ്രികൾചറൽ സർവകലാശാല എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു.
ഇപ്പോൾ കാർഷിക സർവകലാശാലയിൽ ഏഴ് കോളജ്, ആറ് ആർ.എ.ആർ.എസ്, ഏഴ് കെ.വി.കെ, 15 റിസർച്ച് സ്റ്റേഷൻ, 16 അഗ്രികൾച്ചർ റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ യൂനിറ്റ്, അഗ്രികൾച്ചറൽ എൻജിനീയറിങ് കോളജ്, വനശാസ്ത്ര കോളജ് എന്നിവ ഉൾപ്പെടുന്നു.
കാലാവസ്ഥ വ്യതിയാന അക്കാദമിയും അഗ്രികൾച്ചർ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.