കൊടകര: ഇത്തവണയും കൊടകരയിലെ ഓണത്തപ്പന്മാര്ക്ക് കടല്‍ കടക്കാനായില്ല. ഗള്‍ഫ് അടക്കം ലോക രാജ്യങ്ങളിലെ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ പകരാൻ കൊടകരയില്‍ നിർമിക്കുന്ന ഓണത്തപ്പന്മാര് കടല്‍ കടന്നെത്താറുണ്ട്. കോവിഡ് ലോകമെമ്പാടും പിടിമുറുക്കിയതോടെ നാട്ടിലെന്നപോല വിദേശത്തും ഓണാഘോഷത്തിന് പകിട്ടുകുറഞ്ഞതാണ് കളിമണ്‍പാത്ര നിർമാണം കുലത്തൊഴിലാക്കിയ കുംഭാര സമുദായക്കാര്‍ക്ക് തിരിച്ചടിയായത്.
കൊടകര ടൗണിനോടു ചേര്‍ന്നുള്ള കാവുംതറയില്‍ താമസിക്കുന്ന മണ്‍പാത്ര നിർമാണ തൊളിലാളികുടുംബങ്ങളാണ് ഓണക്കാലത്ത് കളിമണ്ണുപയോഗിച്ച് ഓണത്തപ്പന്മാരെ മെനഞ്ഞെടുക്കുന്നത്.
ആധുനികതയുടെ തള്ളിക്കയറ്റത്തില്‍ മലയാളി മണ്‍പാത്രങ്ങളെ അടുക്കളയില്‍ നിന്ന് പടിയിറക്കിയപ്പോള്‍ പല കുടുംബങ്ങളും കുലത്തൊഴില്‍ ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റ് പണികളിലേക്ക് തിരിഞ്ഞു. എന്നാല്‍, ഓണക്കാലമായാല്‍ മിക്ക കുടുംബങ്ങളും ഓണത്തപ്പന്മാരെ നിർമിക്കാറുണ്ട്. ഇവയില്‍ കുറേയൊക്കെ പരമ്പരാഗത രീതിയില്‍ ഓണമാഘോഷിക്കുന്ന പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും സംഘടനകള്‍ക്കുമായി വിദേശത്തെ മാളുകളിലെത്താറുണ്ട്.
ഇടനിലക്കാര്‍ വഴിയാണ് ഓണത്തപ്പന്മാരെ വിദേശത്തെത്തിച്ചിരുന്നത്. 2018ല്‍ ഓണക്കാലത്തുണ്ടായ പ്രളയം ഇവര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷവും വെള്ളപ്പൊക്കക്കെടുതികള്‍ ഓണത്തപ്പന്മാരുടെ വിദേശ ഡിമാൻഡ് കുറച്ചു.
കൊറോണ വ്യാപനം ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ള മലയാളികളെ ബാധിച്ചതോടെ ഇത്തവണയും ഓണത്തപ്പന്മാരുടെ വിദേശയാത്ര മുടക്കി. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കേരളത്തിലെമ്പാടുമുള്ള മണ്‍പാത്രനിർമാണ കുടുംബങ്ങള്‍ ഓണത്തപ്പന്മാരുടെ നിർമാണത്തിലേക്ക് തിരിഞ്ഞതോടെ കൊടകരയിലെ ഓണത്തപ്പന്മാര്ക്ക് മുന്‍കാലത്തേതുപോലെ ആവശ്യക്കാരില്ലാതായി.
തിരുവോണത്തിന് മൂന്നു നാളുകള്‍ മാത്രം ശേഷിക്കെ കവലകളിലെ പാതയോരങ്ങളില്‍ ഓണത്തപ്പന്മാരെ വില്പനക്കു നിരത്തിയിട്ടുണ്ടെങ്കിലും വാങ്ങാനെത്തുന്നവര്‍ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.