കുന്നംകുളം: ബസ് യാത്രക്കിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ 12കാരിയായ മകളെ നാലുദിവസത്തിനകം കോഴിക്കോട്ടുനിന്ന് കണ്ടെത്തി. എല്ലാവരെയും മുൾമുനയിൽ നിർത്തിയ ഈ സംഭവത്തിൽ കഠിന പരിശ്രമത്തിലൂടെ കുട്ടിയെ കണ്ടെത്താനായതിന്റെ ആത്മ സംതൃപ്തിയിലാണ് പൊലീസ്.
കഴിഞ്ഞ ശനിയാഴ്ചയാണ് ബസ് യാത്രക്കിടെ കുട്ടിയെ കാണാതായത്. 14കാരനായ സഹോദരനോടൊപ്പം കോഴിക്കോട് കക്കാട് ജോലി ചെയ്യുന്ന പിതാവിനെ കാണാൻ കുന്നംകുളത്തുനിന്നാണ് ബസിൽ ഇരുവരും പുറപ്പെട്ടത്. കക്കാട് എത്തിയപ്പോൾ 14കാരൻ ഇറങ്ങിയെങ്കിലും അനുജത്തി ഇറങ്ങിയില്ല. പിന്നീട് കുന്നംകുളത്തുള്ള ഉമ്മയെ മകൻ ഫോണിൽ വിളിച്ച് പറഞ്ഞതോടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതി കരഞ്ഞുകൊണ്ട് കുന്നംകുളം സ്റ്റേഷനിൽ ഓടിയെത്തിയത്.
തുടർന്ന് സി.ഐ സൂരജ് വി.സി ആശ്വസിപ്പിച്ച് വിവരങ്ങൾ ശേഖരിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് ക്രൈം കാർഡ് തയാറാക്കി എല്ലാ സ്റ്റേഷനുകളിലേക്കും അയച്ചു. പെൺകുട്ടി ഇറങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു. സി.ഐ സൂരജ് വി.സി, പ്രൊബേഷൻ എസ്.ഐ നിധിൻ, സുജിത് കുമാർ, ഗഗേഷ്, അഭിലാഷ്, ഇഖ്ബാൽ എന്നിവരടങ്ങുന്ന സംഘം കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെയും ബസ്സ്റ്റാൻഡ് പരിസരങ്ങളിലെയും മറ്റും നൂറോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ കുട്ടി കോഴിക്കോട്ടുതന്നെയുണ്ടെന്ന് മനസ്സിലാക്കി.
കോഴിക്കോട് ജില്ല പൊലീസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഭാഗത്തുള്ള സമൂഹ മാധ്യമങ്ങളിലും മറ്റും കുട്ടിയുടെ ഫോട്ടോ പരസ്യപ്പെടുത്തി അന്വേഷണം ഊർജിതമാക്കി. രണ്ടു ദിവസം കോഴിക്കോട് ബീച്ചും നഗര പ്രദേശങ്ങളുമെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീണ്ടും അന്വേഷണം തുടരുന്നതിനിടയിലാണ് ബിഹാർ കുടുംബത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ബീച്ചിൽ നടക്കുന്നത് കോഴിക്കോട് പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്.
പിന്നീട് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജറാക്കി അമ്മയെ സുരക്ഷിതമായി ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.