കുന്നംകുളം: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ 16 വർഷം കഠിന തടവിനും 60,000 രൂപ പിഴയടക്കാനും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി വിധിച്ചു. ഒരുമനയൂർ തങ്ങൾപ്പടി പൊന്നേത് വീട്ടിൽ ഫലാൽ മോനെയാണ് (24) ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2020 മാർച്ചിലായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഗുരുവായൂരിലെ ലോഡ്ജിലേക്ക് സ്കൂൾ യൂനിഫോമിലുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
37 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും അഡ്വ. അമൃതയും ഹാജരായി.
ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിൽ ഇൻസ്പെക്ടറായിരുന്ന എ. അനന്തകൃഷ്ണനും അന്വേഷണം നടത്തിയിട്ടുണ്ട്. എ.എസ്.ഐ ഇ.വി. സ്മിതയും അന്വേഷണത്തിൽ പങ്കാളിയായി. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനു പൗലോസും പി.ജി. മുകേഷും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.