കുന്നംകുളം: ജീവിതത്തിൽ മറക്കാനാകാത്ത ഓർമകൾ ശേഷിപ്പിച്ചാണ് കാതോലിക്ക ബാവ വിട്ടു പോയതെന്ന് പറയുമ്പോൾ മോഹൻദാസിെൻറ വാക്കുകൾ ഇടറുകയാണ്. രണ്ട് പതിറ്റാണ്ടുകാലം കുന്നംകുളം ഭദ്രാസന അരമനയിൽ കാതോലിക്ക ബാവക്ക് ഭക്ഷണം ഒരുക്കിയത് 61കാരനായ മോഹൻദാസായിരുന്നു. അടുക്കള പണിക്കാരനായല്ല, സ്വന്തം അനുജനെപ്പോലെയാണ് തന്നെ കണ്ടിരുന്നതെന്ന് മോഹൻദാസ്.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിട്ടും പോലും കുന്നംകുളം ഭദ്രാസനത്തിെൻറ ചുമതലയിൽ തുടരുന്നതിനാൽ ആർത്താറ്റ് ഭദ്രാസനത്തിൽ എല്ലാ ആഘോഷങ്ങൾക്കും ബാവ എത്തും. ദിവസങ്ങളോളം അരമനയിൽ സമയം ചെലവിടും.2001 സെപ്റ്റംബർ ഒന്നിനാണ് കൂറ്റനാട് വാവന്നൂർ സ്വദേശിയായ ശേഖരത്ത് വീട്ടിൽ മോഹൻദാസ് എന്ന മോഹനേട്ടൻ അരമനയിൽ ജോലിക്ക് എത്തിയത്. ആർത്താറ്റ് ഇടവക വികാരിയായ പത്രോസ് പുലിക്കോട്ടിൽ മുഖേനയാണ് ഇവിടെ എത്തിയത്. അന്നു മുതൽ അവസാന കാലം വരെ തിരുമേനി സഹോദര തുല്യമായാണ് പരിഗണിച്ചത്.
ഭക്ഷണ കാര്യത്തിൽ നിർബന്ധങ്ങൾ ഉണ്ടായിരുന്നു. വ്രതം ഉള്ളതിനാൽ മാംസം ഒഴികെ എല്ലാം കഴിച്ചിരുന്നു. ബുധൻ, വെള്ളി ദിനങ്ങളിൽ നോമ്പായതിനാൽ പച്ചക്കറി വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഉച്ചഭക്ഷണത്തിന് കൃത്യമായ സമയക്രമവും പാലിച്ചിരുന്നില്ല. ഭക്ഷണം വിളമ്പി കൊടുക്കാൻ വൈദികരോ മറ്റു ശുശ്രൂഷകരോ ഇല്ലെങ്കിൽ അതും തെൻറ നിയോഗമാണെന്ന് മോഹൻദാസ് ഒാർക്കുന്നു.
എത്ര വൈകി കിടന്നാലും പ്രഭാതത്തിൽ 4.30ന് എഴുന്നേൽക്കും. ചാപ്പലിൽ പ്രാർഥനക്ക് ഏറെ നേരമെടുക്കും. ഉച്ചക്ക് 12.30ഓടെ ചാപലിൽ മണി മുഴങ്ങിയാൽ വീണ്ടും പ്രാർഥനയാണ്. വൈകീട്ട് ആറിന് സന്ധ്യ നമസ്കാരത്തിലും പതിവ് തെറ്റാതെ സംബന്ധിക്കും. തനിക്ക് എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. മക്കളായ രഞ്ജിത്ത്, രാഗി എന്നിവരുടെ വിവാഹത്തിന് തലേനാൾ ബാവ വീട്ടിലെത്തി ദീർഘസമയം ചെലവഴിച്ചതും പിന്നീട് മരുമക്കളെയും കൊച്ചു മക്കളെയും അരമനയിൽ വിളിച്ചു വരുത്തി സന്തോഷം പങ്കിട്ടതും മോഹൻദാസ് ഓർക്കുന്നു.
അരമന സ്ഥിതി ചെയ്യുന്ന ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ഉൾപ്പെടെ എന്തും ചെയ്യാൻ തിരുമേനി അനുവാദം തന്നിരുന്നു. കൃഷിക്ക് പുറമെ ഏദൻ ഗാർഡൻ ഒരുക്കാൻ അവസരം നൽകി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒടുവിൽ ബാവ കുന്നംകുളത്ത് അരമനയിൽ എത്തിയത്. തിരിച്ചു പോയ ശേഷം ശാരീരിക അസ്വസ്ഥത നേരിട്ട് കിടപ്പിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വരെയും ഫോണിലൂടെ വിളിച്ച് വിവരങ്ങൾ അന്വഷിക്കാനും ബാവ സമയം കണ്ടെത്തിയിരുന്നതായി മോഹൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.