കുന്നംകുളം: സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനുണ്ടാക്കിയ കുഴിയിൽ വീണ് സി.പി.എം കേച്ചേരി ലോക്കൽ സെക്രട്ടറി മരിച്ച കേസിൽ മുഖ്യ കരാറുകാരനെ ഒഴിവാക്കി ഉപകരാറുകാരനെ പ്രതിയാക്കി എട്ടുമാസത്തിനുശേഷം കുന്നംകുളം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തൃശൂർ മുതൽ കടവല്ലൂർ വരെ അദാനി ഗ്രൂപ്പിന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള പ്രോജക്ട് എൻജിനീയർ എറണാകുളം തിരുവന്നിയൂർ മാമല കക്കാട്ടുകര അനീഷ് ഭവനിൽ അനീഷ് കുമാറിനെ (39) പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അദാനി ഗ്രൂപ്പിൽനിന്ന് സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി തൃശൂർ, പാലക്കാട് ജില്ലകളിൽ നടപ്പാക്കാൻ നേരിട്ട് കരാറെടുത്ത കോട്ടയം സ്വദേശിയെ ഒഴിവാക്കിയാണ് പദ്ധതിയുടെ ഉപകരാറുകാരനും പ്രോജക്ട് എൻജിനീയറുമായ അനീഷ് കുമാറിനെ കേസിൽ പൊലീസ് പ്രതി ചേർത്തത്. ഭരണ രാഷ്ട്രീയ സമ്മർദമാണ് യഥാർഥ കരാറുകാരനെ ഒഴിവാക്കാൻ കാരണമായതെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. മുഖ്യ കരാറുകാരനെ ഒന്നാം പ്രതിയാക്കിയും അനീഷ് കുമാറിനെ രണ്ടാം പ്രതിയാക്കിയുമാണ് ആദ്യഘട്ട അന്വേഷണത്തിൽ എഫ്.ഐ.ആർ ഇട്ടിരുന്നത്. കേച്ചേരി തലക്കോട്ടുകര ചിറയത്ത് ജെയിംസാണ് പാറന്നൂരിൽ കുഴിയിൽ വീണ് മരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 15നായിരുന്നു അപകടം. പിന്നീട് ചികിത്സക്കിടെ മേയ് ഒന്നിനായിരുന്നു മരണം. കേസ് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതോടെ അന്വേഷണവും വഴിമുട്ടിയിരുന്നു. സി.പി.എം സമ്മേളനങ്ങളിൽ ലോക്കൽ സെക്രട്ടറിയുടെ മരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. പിന്നീട് സമാനമായ രീതിയിൽ അക്കിക്കാവിൽ കഴിഞ്ഞ മാസം മറ്റൊരാൾ പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വീണ് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒരാളെ മാത്രം കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്ത് പൊലീസ് തടിതപ്പിയത്.
തൃശൂർ-കുന്നംകുളം സംസ്ഥാന പാതയിലെ പാറന്നൂരിൽ ഗെയിൽ കമ്പനിയുടെ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വഴിയാത്രക്കാർക്കു വാഹനയാത്രക്കാർക്കും അപകടം വരത്തക്കവിധം അശ്രദ്ധമായി കുഴിച്ച കുഴിയിൽ വീണാണ് അപകടം സംഭവിച്ചതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂട്ടർ യാത്രക്കിടെ കുഴിയിൽ വീണ ജെയിംസിന്റെ തലയോട്ടിയും കവിളെല്ലും പൊട്ടുകയും നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നു. ഈ കേസിലാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.