കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രേംകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ആശുപത്രിയിലെത്തി പരിശോധന നടത്തിയത്.
ആശുപത്രി സൂപ്രണ്ട്, ആരോപണ വിധേയനായ ഡോക്ടർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവരിൽനിന്നാണ് ആദ്യ ഘട്ടത്തിൽ മൊഴിയെടുത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.എം.ഒക്ക് നൽകുമെന്ന് പ്രേംകുമാർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചൂണ്ടൽ വെള്ളാടമ്പിൽ വിനോദിെൻറ ഭാര്യ ശ്രീജ (32) മരിച്ചത്. മൂന്നാമത്തെ പ്രസവത്തിനായാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രാവിലെ ആറിന് സാധാരണ പ്രസവത്തിലൂടെ ആൺകുഞ്ഞിന് യുവതി ജന്മം നൽകി.
പിന്നീട് വാർഡിൽ നടന്നെത്തിയ യുവതിക്ക് രക്തസ്രാവം ഉണ്ടാകുകയും അത് നിൽക്കാത്ത സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലായ യുവതിയെ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് മരിക്കുകയായിരുന്നു. താലൂക്ക് ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ പൊലീസ് നടപടിയുണ്ടാകൂ. കുറ്റക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ശ്രീജയുടെ പിതാവും ഭർത്താവും വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.