കുന്നംകുളം: ‘എനിക്ക് സഹായം തന്നാൽ ഞാൻ ഒളിമ്പ്യന്മാരെ തിരിച്ചുതരാം, വെറുതെ പറയുകയല്ല’ -സംസ്ഥാന സ്കൂൾ മീറ്റിലെ ഡിസ്കസ്ത്രോ റെക്കോഡ് ജേതാവ് കെ.സി. സർവാന്റെ പിതാവും പരിശീലകനുമായ കെ.സി. ഗിരീഷിന്റെ വാക്കുകളാണ്. മക്കളായ കെ.സി. സിദ്ധാർഥിനെയും കെ.സി. സർവാനെയും മാത്രല്ല ദേശീയ അന്തർദേശീയ മത്സരങ്ങളിലേക്ക് ഗിരീഷ് പ്രാപ്തരാക്കിയത്.
സീനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ 41.71 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ അഖില രാജും ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും ജേത്രിയായ ഹെനിൻ എലിസബത്തും സീനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ 34.51 മീറ്റർ ദൂരമെറിഞ്ഞ് വെള്ളി നേടിയ ഉദിനൂർ ജി.എച്ച്.എസ്.എസിലെ വി.എസ്. അനുപ്രിയയും ഗിരീഷിന്റെ ചെറുവത്തൂരിലെ കെ.സി. ത്രോസ് അക്കാദമിയിൽ നിന്നുള്ള കായിക താരങ്ങളാണ്.
സർവാന്റെ ചൂണ്ടുവിരലിനേറ്റ പരിക്കില്ലായിരുന്നെങ്കിൽ റെക്കോഡിന്റ ദൂരം ഏറുമായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. പരിക്കുമൂലമാണ് അഖില രാജിന് സ്വന്തം റെക്കോഡായ 43.40 മീറ്റർ തിരുത്താനാകാഞ്ഞത്. നല്ല പരിശീലനം ലഭിച്ചാൽ രാജ്യത്തിന് തന്നെ അഭിമാനകരമാകുന്ന താരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്ന് 1989ലെ സംസ്ഥാന സ്കൂൾ മീറ്റിൽ ഡിസ്കസ്ത്രോയിൽ സ്വർണം നേടിയ ഗിരീഷ് പറയുന്നു.
അന്തർദേശീയ താരങ്ങളായിട്ടും പരിശീലനത്തിന് പലതവണ സർക്കാറിന്റെ സഹായം തേടിയെങ്കിലും ലഭിച്ചിട്ടില്ല. സർക്കാറിനുകീഴിലുള്ള സ്ഥാപനങ്ങൾക്ക് മാത്രം ധനസഹായം എന്ന നിലപാട് മാറ്റിയാൽ ദേശീയ അന്തർദേശീയ താരങ്ങളുടെ എണ്ണം വർധിക്കും. ചൊവ്വാഴ്ച നടന്ന ത്രോ മത്സരങ്ങളിലെ റെക്കോഡ് വിജയത്തിളക്കവുമായി ഗിരീഷ് ചണ്ഡീഗഢിലേക്ക് പോയി, മകൻ സിദ്ധാർഥിനെ അണ്ടർ -23 ഓപൺ അത്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.