കുന്നംകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പേരിൽ എം.എൽ.എക്കെതിരെ ഉയർത്തിയ പ്രതിഷേധ റാലിക്കൊടുവിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് രൂക്ഷം. എ.സി. മൊയ്തീൻ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കുന്നംകുളത്ത് നടന്ന റാലിയുടെ പ്രചാരണ ബോർഡിൽ രമേശ് ചെന്നിത്തലയെ പോസ്റ്റർ പതിച്ച് ഒഴിവാക്കിയതാണ് പാർട്ടിക്കുള്ളിൽ വൻ പ്രതിഷേധത്തിന് കാരണമായത്.
ഗ്രൂപ് സമവായത്തിനു പുറമെ കെ.പി. വിശ്വനാഥന്റെ വ്യക്തിതാൽപര്യത്തിൽ ബ്ലോക്ക് പ്രസിഡന്റായ സി.ബി. രാജീവിനെതിരെയാണ് കുന്നംകുളത്തെ കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും പ്രതിഷേധം ഉയർത്തിയത്. നഗരത്തിൽ സ്ഥാപിച്ച ബോർഡുകളിലാണ് പ്രിന്റ് ചെയ്ത ചെന്നിത്തലയുടെ പടത്തിനു മുകളിൽ കൈപ്പത്തി ചിഹ്നം പതിച്ചത്. കുന്നംകുളം എം.എൽ.എക്കെതിരെ ഏഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച റാലിയും പ്രതിഷേധയോഗവും നടത്തിയത്. എന്നാൽ, പരിപാടി കഴിഞ്ഞ ശേഷമാണ് ചെന്നിത്തലയെ ഒഴിവാക്കിയത് ശ്രദ്ധയിൽപ്പെട്ടത്.
നിലവിൽ കുന്നംകുളത്ത് ഐ ഗ്രൂപ്പിനാണ് ദീർഘകാലമായി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം നൽകിയിരുന്നത്. എന്നാൽ, എ ഗ്രൂപ്പിലെ കെ.പി. വിശ്വനാഥന്റെ താൽപര്യപ്രകാരം ജില്ല കോൺഗ്രസ് ഇടപെട്ട് പുതുക്കാടിന് പകരം കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സഹോദരിയുടെ മരുമകന് വേണ്ടി ചോദിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് രാജീവിനെ പ്രസിഡന്റാക്കിയ നടപടിയിൽ കുന്നംകുളത്തെ എ വിഭാഗം ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ കുന്നംകുളത്ത് കഴിഞ്ഞ രണ്ട് മാസത്തിനകം നടന്ന കോൺഗ്രസ് പ്രതിഷേധങ്ങളെല്ലാം രണ്ട് തട്ടുകളിലായാണ് നടന്നിരുന്നത്.
ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് പോലും പ്രവർത്തകരുെടയും നേതാക്കളുെടയും എതിർപ്പിന്റെ പേരിൽ ശുഷ്കമായി മാറിയിരുന്നു. ഇതിനിെട പാർട്ടിക്കുള്ളിലെ പ്രതിഷേധത്തിനൊടുവിൽ ചികിത്സയുടെ പേരിൽ മാറിനിന്നിരുന്നു.കുന്നംകുളത്ത് എം.എൽ.എക്കെതിരെ ഉയർന്ന പ്രതിഷേധ പോസ്റ്ററിൽ ചെന്നിത്തലയെ ഒഴിവാക്കിയതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ ജില്ല, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് പരാതിയും നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.