കുന്നംകുളം: നഗരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുന്നംകുളത്ത് കാമറകൾ സ്ഥാപിക്കുന്നു. നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 18 കാമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ഇവ സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. നഗരസഭ അതിര്‍ത്തിയായ പട്ടാമ്പി റോഡിലെ വിക്ടറി ഇന്‍, പാറയില്‍ പള്ളി, തുറക്കുളം മാര്‍ക്കറ്റ്, ടി.കെ. കൃഷ്ണന് റോഡ്, വൈശ്ശേരി, ജവഹര്‍ തിയറ്റര്‍ ജങ്ഷന്, പുതിയ ബസ് സ്റ്റാന്‍ഡ്, ഹെര്‍ബര്‍ട്ട് റോഡ് ജങ്ഷന്, പഴയ ബസ് സ്റ്റാന്‍ഡ്, മുനിസിപ്പല്‍ ജങ്ഷന്, ശിവക്ഷേത്രം റോഡ്, മധുരക്കുളം, പനങ്ങായി ഇറക്കം, ആനായ്ക്കല്‍, ചാട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. നഗരസഭയും പൊലീസും സംയുക്തമായി എടുത്ത തീരുമാനപ്രകാരമാണിത്.
നഗരസഭ ഓഫിസിലും പൊലീസ് സ്റ്റേഷനിലും ഇതിന്റെ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും. 360 ഡിഗ്രിയില്‍ തിരിയുന്ന ആധുനിക കാമറകളാണ് ഓരോ സ്ഥലത്തുമുള്ളത്. 30-40 മീറ്റര്‍ ദൂരെനിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തതയോടെ ലഭിക്കും. ദൃശ്യങ്ങള്‍ രണ്ട് മാസത്തോളം കണ്ട്രോള് റൂമിലുണ്ടാകും. നഗരസഭയുടെ വാര്‍ഷികപദ്ധതിയില്‍ 10 ലക്ഷം രൂപയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് വകയിരുത്തിയിരുന്നത്. നഗരത്തില്‍ മോഷണങ്ങളും കുറ്റകൃത്യങ്ങളും നടക്കുമ്പോള്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് സൗകര്യക്കുറവ് നേരിട്ടിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളെയാണ് പലപ്പോഴും പൊലീസ് ആശ്രയിച്ചിരുന്നത്. ഇത്തരം കാമറകളില്‍ ഭൂരിഭാഗവും സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള ദൃശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. നഗരത്തിലെ പ്രധാന റോഡുകളെയെല്ലാം ബന്ധപ്പെടുത്തിയാണ് പുതിയ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കുറ്റകൃത്യങ്ങളിലും മറ്റും ഉള്‍പ്പെടുന്നവരെ കണ്ടെത്താന്‍ പൊലീസിന് ഇത് ഏറെ സഹായമാകും. പൊതുസ്ഥലങ്ങളില്‍ അജൈവ വസ്തുക്കളും മാലിന്യവും തള്ളുന്നവരെ കണ്ടെത്താൻ നഗരസഭക്ക് കാമറകള്‍ പ്രയോജനപ്പെടുത്താനാകും. വാഹനങ്ങളില്‍ മാലിന്യവുമായെത്തുന്നവരെ കണ്ടെത്താന്‍ കഴിയാത്തത് പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരുന്നു.
കാമറകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ പൊലീസ് അഞ്ച് സി.സി ടി.വി കാമറകൾ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി സമയാസമയങ്ങളിൽ നടത്താൻ കഴിയാതെ നശിച്ചുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.