കുന്നംകുളം: വ്യവസായ വകുപ്പിന് കീഴിലെ കുന്നംകുളം വ്യവസായ വികസന എസ്റ്റേറ്റിൽ നഗരസഭക്ക് അനുവദിച്ച 6.5 സെന്റ് സ്ഥലവും ഇതിൽ പണിത കോൺക്രീറ്റ് കെട്ടിടവും നശിക്കുന്നു. നഗരസഭ അധികാരികളുടെ അലംഭാവമാണ് സ്ഥലം കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കാൻ കാരണം. മാറിവരുന്ന ഭരണസമിതികൾ ഇക്കാര്യം കണ്ടില്ലെന്ന മട്ടിലാണ്. 1999 നവംബർ 12നാണ് വ്യവസായ വകുപ്പ് നഗരസഭ സെക്രട്ടറിയുമായി സ്ഥലം സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ആറര സെന്റ് ഭൂമി ക്രിസ്റ്റൽ പട്ടികജാതി ബുക്ക് ബൈൻഡിങ് സൊസൈറ്റിക്കാണ് അനുവദിച്ചത്.
നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1997- 98 വർഷത്തിൽ 10 ലക്ഷം രൂപ അനുവദിച്ചു. കെട്ടിട നിർമാണത്തിനായി ആദ്യ ഗഡുവായി 3,20,000 രൂപ സൊസൈറ്റിക്ക് കൈമാറുകയും കെട്ടിട നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ, തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ഉപയോഗശൂന്യമായി കിടക്കുന്ന വ്യവസായ ഭൂമി ഉപയുക്തമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ ഓഫിസിൽനിന്ന് കുന്നംകുളം നഗരസഭ സെക്രട്ടറിക്ക് നിരവധി തവണ രേഖാമൂലം കത്തുകൾ അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നിലവിൽ ഈ ഒരു സ്ഥലം മാത്രമാണ് വ്യവസായ ഭൂമിയിൽ ഉപയോഗശൂന്യമായി കിടക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
അടുത്ത കൗൺസിൽ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തി ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ലെബീബ് ഹസൻ നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും കത്ത് നൽകി. വ്യവസായ എസ്റ്റേറ്റിൽ 22 വ്യവസായ യൂനിറ്റുകൾക്കാണ് സ്ഥലമുള്ളത്. ഇതിൽ 21 ഇടത്തും വ്യവസായ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.