കുന്നംകുളം: ജങ്ഷന്റെ മുഖച്ഛായ മാറ്റി ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയാവുന്നു. പദ്ധതിയുടെ ആദ്യഘട്ട ടെൻഡർ നടപടിയായി. 31.98 കോടി രൂപക്ക് മലബാർ ടെക് കമ്പനിയുടെ ടെൻഡറിന് കിഫ്ബിയുടെ അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കും.
കേരള റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി. ജില്ലയിലെ രണ്ട് പ്രധാന സംസ്ഥാന പാതകളായ തൃശൂർ-കുറ്റിപ്പുറം റോഡും ചാവക്കാട്-വടക്കാഞ്ചേരി റോഡും സന്ധിക്കുന്ന കുന്നംകുളം ജങ്ഷൻ ഇടുങ്ങിയതാണ്. അതിനാൽതന്നെ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. എ.സി. മൊയ്തീൻ മന്ത്രിയായിരിക്കെ 2020ൽ പദ്ധതിക്ക് 89.63 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിരുന്നു. തൃശൂർ-കുറ്റിപ്പുറം റോഡിൽ തൃശൂർ ഭാഗത്തേക്ക് 515 മീറ്ററും കുറ്റിപ്പുറം ഭാഗത്തേക്ക് 1907 മീറ്ററും ചാവക്കാട്-വടക്കാഞ്ചേരി റോഡിൽ ഗുരുവായൂർ ഭാഗത്തേക്ക് 465 മീറ്ററും വടക്കാഞ്ചേരി ഭാഗത്തേക്ക് 606 മീറ്ററും നീളത്തിൽ 18.5 മീറ്റർ വീതിയിൽ കിഫ്ബി മാനദണ്ഡപ്രകാരം ജങ്ഷൻ വികസിപ്പിക്കും.
ഇവിടെനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള 150 മീറ്റർ നീളത്തിലുള്ള റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതും ജങ്ഷനിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ പുനരധിവാസവും സൗന്ദര്യവത്കരണവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പ്രാരംഭഘട്ടത്തിലാണ്. പ്രധാന പാത 18.5 മീറ്റർ വീതിയിലും, പുതിയ ബസ് സ്റ്റാൻഡ് റോഡ് 10 മീറ്റർ വീതിയിലും ജങ്ഷനും വിഭാവനം ചെയ്തിരിക്കുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡുകൾ, ഇരുവശങ്ങളിൽ കാനകളും, യൂട്ടിലിറ്റി ഡക്റ്റുകളും, ആറ് ബസ് ഷെൽട്ടറുകളും ഉൾപ്പെടുത്തി ഐ.ആർ.സി സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തിയാണ് റോഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ രണ്ടാംഘട്ടമായി ഏറ്റെടുക്കുന്ന 52 സെന്റ് സ്ഥലത്തിലെ കച്ചവട സ്ഥാപനങ്ങൾ പുനരധിവസിപ്പിക്കാനായി നഗരസഭയുടെ അധീനതയിൽ വരുന്ന ഭൂമിയിൽ മൂന്നുനില കെട്ടിടം പണിത് നൽകും. 25 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കൽ നടപടിക്ക് വിനിയോഗിക്കുക. യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കാനായി കേരള വാട്ടർ അതോറിറ്റിക്ക് അഞ്ച് കോടി രൂപയും കെ.എസ്.ഇ.ബിക്ക് 2.16 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.