കുന്നംകുളം: നഗരസഭ ട്രാഫിക് അഡ്വൈസറി യോഗത്തിൽ പരാതി പ്രവാഹം. നടപടിയെടുക്കേണ്ടവരും പരാതിയുമായി എത്തിയതോടെ ഒരു തീരുമാനവും കൈകൊള്ളാതെ യോഗം പിരിഞ്ഞു. ഓണത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ചേർന്ന യോഗമാണ് പരാതികളിൽ മുങ്ങിയത്. പുതിയ ബസ് ടെർമിനലിന് മുന്നിൽ ഇരുചക്ര വാഹന പാർക്കിങ് വർധിച്ചുവെന്നും പേ പാർക്കിങ് സംവിധാനം പ്രയോജനപ്പെടുത്തുന്നില്ലെന്നും നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ പരാതിപ്പെട്ടു. ഇലക്ട്രിക് ഓട്ടോകളെ നഗരത്തിലെ പാർക്കിങ്ങുകളിൽ പ്രവേശിപ്പിക്കുന്നില്ലെന്നും വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത് നിയന്ത്രിക്കാൻ ആരും തയാറാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
നഗരത്തിൽ ഗതാഗതക്കുരുക്ക് ശക്തമാകുന്നതായും അത് നിയന്ത്രിക്കാൻ പൊലീസ് ഇല്ലെന്നും പി.ജി. ജയപ്രകാശ് പറഞ്ഞു. റോഡുകളിൽ പലയിടത്തും സീബ്രാ ലൈനുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായും റോഡ് മുറിച്ചുകടക്കാൻ സീബ്രാ ലൈൻ അനിവാര്യമാണെന്നും കൗൺസിലർ ലെബീബ് ഹസൻ വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുമുന്നിൽ തൃശൂർ റോഡിൽ പിടിച്ചെടുത്ത വാഹനങ്ങൾ രണ്ട് വരിയായി നിർത്തിയിട്ടതു മൂലം വിദ്യാർഥികളുടെ കാൽനടയാത്ര പോലും ദുഷ്കരമാണെന്നും വാഹനങ്ങൾ മാറ്റാൻ നടപടിയെടുക്കണമെന്നും ഗുരുവായൂർ റോഡിൽ ഗവ. ഗേൾസ് സ്കൂളിനു മുന്നിൽ ബസുകൾ നിർത്താത്തതു മൂലം പെൺകുട്ടികൾ വീടുകളിലെത്താൻ വൈകുന്നതായും ലെബീബ് ചൂണ്ടികാട്ടി. വടുതല-വട്ടംപാടം റോഡിൽ വടുതല സ്കൂൾ പരിസരത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് കൗൺസിലർ സുജിഷ് ആവശ്യപ്പെട്ടു.
പഴയ ബസ് സ്റ്റാൻഡിനു മുന്നിലും എം.ജി ഷോപ്പിങ് കോപ്ലക്സിനു മുന്നിലും സ്വകാര്യ ബസുകൾ കൂടുതൽ സമയം നിർത്തിയിടുകയാണെന്നും തൃശൂരിലേക്കുള്ള ദീർഘദൂര വാഹനങ്ങൾ എം.ജി ഷോപ്പിങ് കോംപ്ലക്സ് റോഡ് വഴി കയറി വരുന്നതായും സ്ഥിരംസമിതി അധ്യക്ഷൻ ടി. സോമശേഖരൻ കുറ്റപ്പെടുത്തി.
സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് മുന്നിൽ നിർത്തിയിട്ട് ദീർഘ ദൂര സ്വകാര്യ ബസുകൾക്ക് സൗകര്യം ചെയ്യുന്നതായി യോഗത്തിൽ ആക്ഷേപം ഉയർന്നു. സബ് ട്രഷറി റോഡ് സഞ്ചാരയോഗ്യമല്ലാതായെന്നും കാൽനടയാത്ര പോലും ദുസ്സഹമായെന്നും യോഗത്തിൽ പരാതി ഉയർന്നു.
നഗരത്തിൽ ട്രാഫിക് നിയന്ത്രണത്തിന് പോലും ആവശ്യമായ പൊലീസ് സംവിധാനം ഒരുക്കാൻ അംഗങ്ങൾ ഇല്ലെന്നും പൊലീസ് ക്വാട്ടേഴ്സിൽ പോലും പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞ അവസ്ഥയാണെന്നും എസ്.ഐ വ്യക്തമാക്കി. ബസ് ഉടമകൾ ആരും യോഗത്തിൽ പങ്കെടുത്തില്ല. പരാതി പരിഹാരം കാണേണ്ടവർ പോലും പരാതിയുമായി എത്തിയതോടെ ഏതെല്ലാം കാര്യങ്ങളിൽ നടപടികൾ ഉണ്ടാകുമെന്ന് കണ്ടറിയണം. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത
വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.