കുന്നംകുളം: താലൂക്ക് ആശുപത്രി മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചു. ഇതിന് ആവശ്യമായ സാമ്പത്തികാനുമതി കിഫ്ബി ബോർഡ് ലഭ്യമാക്കിയിരുന്നു. ഇൻകെൽ സമർപ്പിച്ച എൻജിനീയറിങ് പ്ലാൻ പരിശോധിച്ചാണ് അന്തിമ സാങ്കേതികാനുമതി നൽകിയത്. എ.സി. മൊയ്തീൻ മന്ത്രിയായിരിക്കെ കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തിയതാണ് താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ബ്ലോക്ക്.
1.48 ലക്ഷം ചതുരശ്ര അടിയില്‍ ഏഴ് നിലകളിലായാണ് ആധുനിക ചികിത്സ സൗകര്യങ്ങളുള്ള കെട്ടിടം രൂപകൽപന ചെയ്തത്. ഗ്രൗണ്ട് ഫ്ലോറിന് താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, ബാറ്ററി റൂം, ലാബ്, മോർച്ചറി എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ ക്വാഷ്വൽറ്റി, ട്രയാജ്, ഒബ്സർവേഷൻ റൂം, പ്രൊസീജിയർ റൂം, മൈനർ ഒ.ടി, സി.ടി സ്കാൻ, എക്സ്റേ, ഡയാലിസിസ് തുടങ്ങിയവയുമാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ ഒ.പി റൂം, ഓർത്തോ, ജനറൽ ഒ.പി, ഫീവർ ക്ലിനിക്, ഡെർമെറ്റോളജി, ഒപ്താൽമോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്, ഗൈനക്കോളജി എന്നിവയുണ്ടാകും. രണ്ടാം നിലയിൽ വാർഡുകൾ, ഐസൊലേഷൻ, ഡ്യൂട്ടി റൂം എന്നിവയും മൂന്നാം നിലയിൽ വാർഡുകളും മെഡിക്കൽ ഐ.സി.യുവുമാണ് പ്രവർത്തിക്കുക. നാലാം നിലയിൽ ഓപറേഷൻ തിയറ്റർ, പ്രീ ഒ.പി റൂമുകൾ, അനസ്തേഷ്യ റൂം, സർജിക്കൽ ഐ.സി.യു എന്നിവ ഉണ്ടാകും. അഞ്ചാം നിലയിൽ എയർ ഹാൻഡ്ലിങ് യൂനിറ്റ്, സെന്റർ സ്റ്റെറിലൈസിങ് സർവിസ് ഡിപ്പാർട്മെന്റ് എന്നിവയും പ്രവർത്തിക്കും.
കിഫ്ബിയുടെ എസ്.പി.വിയായ ഇന്‍കെല്‍ ലിമിറ്റഡാണ് പദ്ധതിരേഖ തയാറാക്കിയത്. നിർമാണപ്രവര്‍ത്തനങ്ങള്‍ക്കായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തി പൂർത്തിയായി. ടൗൺ പ്ലാനിങ്ങിൽനിന്നുള്ള കെട്ടിടത്തിന്റെ ലേഔട്ട് അനുമതിക്കായി ഈയാഴ്ച ലഭ്യമാകുമെന്ന് എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഗുരുവായൂർ: നഗരസഭ ആയുർവേദ ആശുപത്രി കെട്ടിട നിർമാണത്തിന് 2.11 കോടി രൂപകൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് നേരേത്ത 73 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ പുനർനിർമാണത്തിന് 2.84 കോടിയായി. പുതിയ കെട്ടിടത്തിന് തുക തികയാതെവന്നാൽ എം.എൽ.എ ഫണ്ടിൽനിന്ന് വീണ്ടും അനുവദിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.