കുന്നംകുളം: ‘മഞ്ജുളാംഗിമാരേ വരുവിൻ മാധുര്യമേറും ചിന്തുകൾ പാടിക്കളിക്കുവാൻ’ എന്ന മനോഹരഗാനത്തിൽ തുടങ്ങിയ മെഗ ാ തിരുവാതിര കാണികൾക്കും നവ്യാനുഭവമായി.
കുന്നംകുളത്തിന്റെ ആഘോഷമായ ‘നിലാവെട്ടം 2023’ വിളംബരത്തിന്റെ ഭാഗമായി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ തിരുവാതിര കുന്നംകുളത്തിന്റെ ഹൃദയം കവർന്നു. സിനിമ-സീരിയൽ താരം രശ്മി സോമൻ ഭദ്രദീപം കൊളുത്തിയതോടെ സാംസ്കാരികോത്സവത്തിന്റെ അരങ്ങുണർന്നു.
ഗാന രചയിതാവ് ബി.കെ. ഹരിനാരായണന്റെ ഇമ്പമാർന്ന വരികൾക്കൊത്ത ചുവടുചിട്ടപ്പെടുത്തിയത് തിരുവാതിര കലാകാരി ഉഷ ജയകൃഷ്ണനാണ്. കുന്നംകുളം നഗരസഭ, കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍, കടങ്ങോട്, വേലൂര്‍, എരുമപ്പെട്ടി പഞ്ചായത്തുകളിലെ നാരിമണികളുടെ രണ്ടാഴ്ച നീണ്ടുനിന്ന നിരന്തര പരിശ്രമമാണ് മെഗാതിരുവാതിരയെ വർണാഭമാക്കിയത്.
എ.സി. മൊയ്തീൻ എം.എൽ.എ, ജനറല്‍ കണ്‍വീനര്‍ സീത രവീന്ദ്രന്, ടി.കെ. വാസു, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൽ, രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
13 ദിവസം നീണ്ടുനിൽക്കുന്ന നിലാവെട്ടത്തിന് ചെറുവത്തൂർ ഗ്രൗണ്ടിൽ വ്യാഴാഴ്ച തിരി തെളിയും. വൈകീട്ട് ആറിന് മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടത്തോടനുബന്ധിച്ച് വൈകീട്ട് മൂന്നിന് ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്. വിവിധ കലകള്‍, ആയോധന കലകള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയുള്ള ഘോഷയാത്രയില്‍ വിവിധ മേഖലയിലുള്ളവർ അണിചേരും.
ഉദ്ഘാടനത്തിനു ശേഷം കലാമണ്ഡലം നൃത്ത വിദ്യാര്‍ഥികൾ അവതരിപ്പിക്കുന്ന നിലാവെട്ടം സ്വാഗതഗാന നൃത്തം അരങ്ങേറും. 7.30ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയായ ‘നടനം ശോഭനം’ കലാസ്വാദകരിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.