കുന്നംകുളം: ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിലേക്ക് നഗരസഭ നൽകിയിരുന്ന കുടിവെള്ളം ഇനി വിതരണം ചെയ്യില്ലെന്ന് കാണിച്ച് അധികാരികൾക്ക് നോട്ടീസ്. 10,000 ലിറ്റർ വെള്ളമാണ് നിലവിൽ സ്കൂളിന് നഗരസഭ നൽകിയിരുന്നത്. വേനൽ ആരംഭിച്ചാൽ കുടിവെള്ളത്തിന് ക്ഷാമമുള്ള സ്കൂളിൽ നഗരസഭയുടെ വെള്ളത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. പ്ലസ്ടു വരെയുള്ള സ്കൂളിൽ ആയിരത്തോളം പെൺകുട്ടികളാണ് പഠിക്കാൻ എത്തുന്നത്.
അതിനിടയിൽ വെള്ളം വിതരണം ചെയ്യാൻ കഴിയില്ലെന്ന നഗരസഭ സെക്രട്ടറിയുടെ നോട്ടീസാണ് തിങ്കളാഴ്ച പ്രധാനധ്യാപിക ബീന ജോസിന് ലഭിച്ചത്. അതേസമയം, നഗരസഭയുടെ കീഴിലുള്ള സ്കൂളിലേക്ക് വെള്ളം വിതരണം നിർത്തിവെക്കുന്നത് നഗരസഭ ഭരണസമിതി പോലും അറിഞ്ഞിരുന്നില്ല. ഇത് ഭരണകക്ഷി അംഗങ്ങളിലും അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
നഗരസഭ മുൻ ചെയർമാനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി.ജി. ജയപ്രകാശാണ് സ്കൂൾ പി.ടി.എ പ്രസിഡന്റ്. വെള്ളം വിതരണം ചെയ്തിരുന്ന ട്രാക്ടർ ടെസ്റ്റ് വർക്കിനായി കയറ്റിയതിനാൽ വെള്ളം എത്തിക്കാൻ കഴിയില്ലെന്നാണ് നോട്ടീസിൽ പരാമർശിച്ചിട്ടുള്ളത്. കൂടാതെ വെള്ളത്തിനാവശ്യമായ തുക നഗരസഭയുടെ കുടിവെള്ള പദ്ധതിയിലൂടെ അനുവദിക്കാൻ നിർവാഹമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പി.ടി.എയുമായി സഹകരിച്ച് തുക കണ്ടെത്താൻ നടപടിസ്വീകരിക്കാനും നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. ഗേൾസ് സ്കൂൾ ആണെന്ന പരിഗണന പോലും നൽകാതെ നഗരസഭ എടുക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും എന്ത് തടസ്സങ്ങൾ ഉണ്ടെങ്കിലും വെള്ളം എത്തിക്കണമെന്നും നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.