കുന്നംകുളം: പെരുമ്പിലാവ് ഒറ്റപ്പിലാവിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി വിധി പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന മൂന്ന് സി.പി.എം നേതാക്കൾ ശിക്ഷയിൽ ഇളവ് ലഭിച്ചതോടെ മോചിതരായി. സി.പി.എം മുൻ ഏരിയ സെക്രട്ടറിയും കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ബാലാജി എം. പാലിശ്ശേരി, മുഹമ്മദ് ഹാഷിം, എം.എൻ. മുരളീധരൻ എന്നിവരാണ് ജയിൽ മോചിതരായത്.
ആഭ്യന്തര- ജയിൽ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിൻമേലുള്ള ശിപാർശ പ്രകാരമാണ് മൂവരെയും മോചിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. 1993ലാണ് ഒറ്റപ്പിലാവിലുണ്ടായിരുന്ന സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ സുരേഷ് ബാബു കൊല്ലപ്പെട്ടത്. ശിക്ഷിക്കപ്പെട്ട ബാലാജി എം. പാലിശ്ശേരി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. അഞ്ച് പ്രതികളെ 2004ൽ ജില്ല സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2005ൽ ഹൈകോടതി ചിലരെ ശിക്ഷിച്ചെങ്കിലും ബാലാജി ഉൾപ്പെടെ സി.പി.എം നേതാക്കളെ വെറുതെ വിട്ടു. ഇതിനെതിരെ സുരേഷ് ബാബുവിെൻറ ബന്ധുക്കൾ ആർ.എസ്.എസ് നേതൃത്വത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി വെറുതെ വിട്ടവരെ 326 വകുപ്പ് പ്രകാരം സുപ്രീംകോടതി ഏഴ് വർഷത്തെ കഠിന തടവിന് വീണ്ടും ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട ഇവർ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തിെൻറ ഭാഗമായി പരോളിൽ കഴിയുകയായിരുന്നു.
മൂവരും നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ജയിൽ മോചിതരാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മൂവരും നാല് വർഷവും രണ്ട് മാസവുമാണ് ശിക്ഷ അനുഭവിച്ചത്. ഈ കേസിൽ സുപ്രീംകോടതി ശിക്ഷിച്ച ഉമ്മർ, മജീദ് എന്നിവർ നിശ്ചിത ശിക്ഷാകാലാവധി പൂർത്തിയായതിനാൽ മുമ്പുതന്നെ ജയിൽ മോചിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.