കുന്നംകുളം: 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കാൻ പോരാട്ടവീര്യം ചോരാതെ മേളയുടെ തട്ടകത്തിലെത്തി അഭ്യസിക്കുകയാണ് കടകശ്ശേരി ഐഡിയൽ സ്കൂൾ താരങ്ങൾ. ഇക്കുറിയും കിരീടം വിട്ടുകൊടുക്കില്ലെന്ന ഉറപ്പിലാണ് ഈ താരങ്ങൾ പരിശീലന മികവ് തെളിയിക്കുന്നത്.
കഴിഞ്ഞ സംസ്ഥാന കായികോത്സവത്തിൽ സ്കൂൾ തലത്തിൽ ചാമ്പ്യൻമാരായ തവനൂർ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ 35 ഓളം താരങ്ങളാണ് മേളക്കൊരുങ്ങിയ സിന്തറ്റിക് ട്രാക്കിൽ പരിശീലിക്കാൻ എത്തിയത്. മലപ്പുറം ജില്ല കായികോത്സവത്തിൽ കഴിഞ്ഞ 15 വർഷം തുടർച്ചയായി ഓവറോൾ ചാമ്പ്യൻമാർ ഈ സ്കൂൾ താരങ്ങളാണ്.
ജില്ല അത്ലറ്റിക് മീറ്റിലും ചാമ്പ്യൻഷിപ്പ് ഇവരുടെ കുത്തകയാണ്. പഠനത്തോടൊപ്പം കായിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് ഈ സ്കൂൾ അധികൃതർ താരങ്ങളെ വാർത്തെടുക്കുന്നത്. മലപ്പുറം ജില്ല ടീമിൽ ഈ സ്കൂളിൽനിന്ന് 30 താരങ്ങളുണ്ട്.
പഠനത്തിന് പുറമെ ഓരോ വർഷവും കായിക പരിശീലനങ്ങൾക്കായി ഭീമമായ തുകയാണ് ചിലവഴിക്കുന്നത്. ഈ സ്കൂളിൽ 18 കായിക അധ്യാപകരാണുള്ളത്. ഇക്കുറി മേളക്ക് വേദിയാകുന്ന പുതിയ സിന്തറ്റിക് ട്രാക്കിൽ പരിശീലനം നേടാനാണ് അധ്യാപക സംഘത്തോടൊപ്പം താരങ്ങൾ വെള്ളിയാഴ്ച വൈകീട്ട് കുന്നംകുളത്ത് എത്തിയത്. മികച്ച സിന്തറ്റിക് ട്രാക്കാണ് കുന്നംകുളത്തേതെന്ന് ഈ അധ്യാപക സംഘവും കായിക താരങ്ങളും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.