കുന്നംകുളം: എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പഠന നിലവാരം അറിയാൻ ആപ് രൂപപ്പെടുത്തി വിദ്യാർഥികൾ. മണ്ണംപേട്ട മാത ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പോൾവിൻ പോളിയും ഒമ്പതാം ക്ലാസിലെ അതുൽ ഭാഗ്യേഷുമാണ് ആപ് തയാറാക്കിയത്. ആദ്യ ടേം പരീക്ഷയുടെ വിലയിരുത്തലിന് ജില്ലതലത്തിൽ ക്രോഡീകരിക്കപ്പെട്ട 232 സ്കൂളുകളിലെ കുട്ടികളുടെ മാർക്കുകളാണ് ആപ്പിൽ ഉൾപ്പെടുത്തുന്നത്.
ജില്ലയിലെ 30,000 കുട്ടികളുടെയും മാർക്ക് അറിയാനും ഒറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപിൽ ഉണ്ട്. ചാവക്കാട്, ഇരിങ്ങാലക്കുട, തൃശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾക്ക് പുറമെ ഓരോ സ്കൂളിലെയും വിദ്യാർഥികൾക്ക് ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡ്, വിജയ ശതമാനം എന്നിവ അറിയാനും ആപ് സഹായിക്കും.
അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്ക് താരതമ്യം ചെയ്യാനും പഠന നിലവാരത്തിൽ വന്ന മാറ്റങ്ങൾ അറിയാനും കഴിയും. അതിനനുസരിച്ച് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാകുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദനമോഹനൻ അറിയിച്ചു. ആപ് ഒരുക്കിയ വിദ്യാർഥികളെ കുന്നംകുളത്ത് വ്യാഴാഴ്ച തുടങ്ങുന്ന ജില്ല ശാസ്ത്രമേളയിൽ അനുമോദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.