കുന്നംകുളം: കഴിഞ്ഞ വർഷം കൊല്ലപ്പെട്ട സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിെൻറ കുടുംബാംഗങ്ങൾ പാർട്ടി വിട്ടു. പാർട്ടി കുന്നംകുളം ഏരിയ, ലോക്കൽ കമ്മിറ്റി ഭാരവാഹികളുടെ നിലപാടിൽ അസംതൃപ്തരായ പത്തിലധികം വരുന്ന കുടുംബാംഗങ്ങളാണ് പാർട്ടി വിട്ടത്. കുടുംബത്തിനായി സമാഹരിച്ച തുക ഉപയോഗിച്ച് സ്മാരക മന്ദിരം നിർമിക്കാനുള്ള തീരുമാനം നടപ്പാകാത്തതാണ് ഇവരെ പാർട്ടിയിൽനിന്ന് അകറ്റിയതെന്നറിയുന്നു. ഇവർ നേതൃത്വത്തെ കുറ്റപ്പെടുത്തി ഒപ്പിട്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.
ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സനൂപ് കുടുംബ സഹായ ഫണ്ടെന്ന പേരിൽ 21 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. ഒന്നാം രക്തസാക്ഷിദിനം കഴിഞ്ഞിട്ടും പിരിച്ചെടുത്ത പണം എന്ത് ചെയ്യണമെന്ന തീരുമാനം ആയിട്ടില്ല. ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ ഡി.വൈ.എഫ്.ഐ ചൊവ്വന്നൂർ പഞ്ചായത്ത് ജോയൻറ് സെക്രട്ടറിയുമായിരുന്ന സനൂപ് 2020 ഒക്ടോബർ നാലിനാണ് ചിറ്റിലങ്ങാടുെവച്ച് അടിപിടിക്കിടെ കുത്തേറ്റ് മരിച്ചത്. മാതാപിതാക്കൾ നേരത്തേ നഷ്ടപ്പെട്ട സനൂപ് വലിയമ്മയോടൊപ്പമാണ് പുതുശ്ശേരി കോളനിയിലെ വീട്ടിൽ താമസിച്ചിരുന്നത്.
ഇവർ താമസിച്ചിരുന്ന വീടും 5.75 സെൻറ് സ്ഥലവും സ്മാരകം പണിയാനായി ഏറ്റെടുക്കാനായിരുന്നു പാർട്ടി തീരുമാനം. പണി കഴിപ്പിച്ച സ്മാരകത്തിൽ മരണം വരെയും വലിയമ്മക്ക് താമസിക്കാമെന്നും പിന്നീട് അതിെൻറ പൂർണ അധികാരം പാർട്ടിക്കുമെന്നാണ് ഉണ്ടാക്കിയ കരാർ. ആധാരം കാണും മുേമ്പ പാർട്ടി ഇക്കാര്യത്തിൽ എടുത്ത തീരുമാനമാണ് വലച്ചത്. വലിയമ്മക്ക് പുറമെ അവരുടെ രണ്ടു സഹോദരന്മാർക്കും കൂടി ഈ സ്ഥലം അവകാശപ്പെട്ടതാണ്.സ്ഥലം കുടുംബാംഗങ്ങൾ പാർട്ടിക്കു നൽകാൻ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ചിലർ പിന്മാറി.
പിരിച്ചെടുത്ത പണം കുനംമൂച്ചി സർവിസ് സഹകരണ ബാങ്ക്, കുന്നംകുളം അർബൻ ബാങ്ക് എന്നിവിടങ്ങളിൽ പാർട്ടിയുടെ പേരിൽ നിക്ഷേപിച്ചിരിക്കുകയാണ്. സനൂപ് വധക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ വൈകിയതും പാർട്ടിക്കും സംസ്ഥാന സർക്കാറിനും തിരിച്ചടിയായി.
സനൂപിനെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതി നന്ദനൻ ജാമ്യത്തിലിറങ്ങിയ ശേഷം ഗൾഫിലേക്ക് കടന്നിരുന്നു. ഇതിന് തടയിടാൻ പാർട്ടിയും സർക്കാറും വരാതിരുന്നത് വീട്ടുകാരിലും പാർട്ടി പ്രവർത്തകർക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.പാർട്ടി വിടുകയാണെന്ന് ബന്ധുക്കൾ നേരത്തേ ബ്രാഞ്ച് സെക്രട്ടറിയോട് പറഞ്ഞിരുന്നുവേത്ര. ജില്ല നേതൃത്വം ഇക്കാര്യത്തിൽ ഇടപെടട്ടെയെന്ന നിലപ്പാടാണ് കുന്നംകുളത്തെ പാർട്ടി നേതൃത്വം. സനൂപിെൻറ കുടുംബം പാർട്ടി വിട്ടത് അടുത്ത ഏരിയ സമ്മേളനത്തിൽ ഏറെ ചർച്ചക്കിടയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.