കുന്നംകുളം (തൃശൂർ): രണ്ട് തവണ തുടർച്ചയായി യു.ഡി.എഫിലെ സി.എം.പി മത്സരിച്ച കുന്നംകുളം സീറ്റ് വെച്ചുമാറ്റത്തിനൊരുങ്ങി കോൺഗ്രസ്. കുന്നംകുളം ഏറ്റെടുക്കുന്നതോടെ സി.എം.പിക്ക് യു.ഡി.എഫിെൻറ മറ്റൊരു സിറ്റിങ് സീറ്റ് നൽകി സി.പി. ജോണിനെ നിയമസഭയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ദീർഘകാലം കോൺഗ്രസ് മത്സരിച്ച കുന്നംകുളത്ത് വീണ്ടും കോൺഗ്രസുകാരനെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനമെന്നറിയുന്നു.
ഇതോടെ സി.പി. ജോൺ വടക്കൻ ജില്ലയിലെ ഉറച്ച സീറ്റിൽനിന്ന് ജനവിധി തേടും. 2011ല്‍ ബാബു എം. പാലിശ്ശേരി, 2016ല്‍ എ.സി. മൊയ്തീൻ എന്നിവരോട് മത്സരിച്ച് കുന്നംകുളത്ത് ജോൺ തോറ്റിരുന്നു. 2011ല്‍ 481 വോട്ടിനു മാത്രമായിരുന്നു തോല്‍വി. അതേസമയം അപരനായി എത്തിയ മറ്റൊരു ജോണ്‍ 860 വോട്ടുകളും ആര്.എം.പിയിലെ കെ.പി. പ്രേമന് 2059 വോട്ടുകളും നേടിയിരുന്നു.
ഇത്തവണയും സി.പി. ജോണിനെ തന്നെ കുന്നംകുളത്ത് മത്സരിപ്പിക്കണമെന്നായിരുന്നു സി.എം.പിയുടെ ആവശ്യം. എന്നാൽ, ജോൺ നിരാകരിക്കുകയായിരുന്നു. സി.പി. ജോണിനെ മത്സരിപ്പിച്ച് നിയമസഭയിൽ കൊണ്ടുവരണമെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്. അതിനാലാണ് ജയം ഉറപ്പുള്ള സീറ്റ് നൽകാൻ നീക്കം നടത്തുന്നത്. മുസ്ലിം ലീഗാണ് സി.പി. ജോണിനെ രംഗത്ത് കൊണ്ടുവരാൻ ശ്രമം നടത്തുന്നത്.
സി.എം.പി കുന്നംകുളം വിട്ടുകൊടുക്കുന്നതോടെ കോൺഗ്രസ് ഏറ്റെടുക്കും. ഈ സീറ്റ് കോൺഗ്രസിനും ഏറെ തലവേദനയാകും. നിരവധി പേരാണ് കുന്നംകുളം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുള്ളത്. മുൻ ജില്ല പഞ്ചായത്ത് അംഗമായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ, ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻറ് വി. വേണുഗോപാൽ തുടങ്ങിയവരാണ് രംഗത്തുള്ളത്.
ഈ മണ്ഡലത്തിൽ രണ്ട് പതിറ്റാണ്ടുകൾക്കിടെ 1991, 2001 വർഷങ്ങളിലാണ് കോൺഗ്രസിലെ ടി.വി. ചന്ദ്രമോഹൻ വിജയിച്ചത്. 2011ലെ തെരഞ്ഞെടുപ്പിലാണ് മണ്ഡലത്തിെൻറ ഘടന മാറിയത്. കുന്നംകുളം മണ്ഡലത്തിലെ പല പഞ്ചായത്തുകളും കഴിഞ്ഞ പത്ത് വർഷമായി വടക്കാഞ്ചേരി മണ്ഡലത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.