വാഹനങ്ങളിലെ ബാറ്ററി മോഷണം: നാലുപേർ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം: വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘത്തിലെ നാലുപേരെ കുന്നംകുളം പൊലീസ് പിടികൂടി. പെരുമ്പിലാവ് ആൽത്തറ വീട്ടനാട്ടയിൽ വീട്ടിൽ റഫീഖ് (41), പെരുമ്പിലാവ് പുഞ്ചിരി കടവ് കോക്കനാട്ടിൽ വീട്ടിൽ കബീർ (കൂട്ടു -32), ഒറ്റപ്പാലം ചുനങ്ങാട് നാലകത്ത് വീട്ടിൽ ഹംസ (45), കടവല്ലൂർ കോത്തോളികുന്ന് നായാട്ടു വളപ്പിൽ വീട്ടിൽ നിഷാദ് (40) എന്നിവരെയാണ് സി.ഐ വി.സി. സൂരജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ 14നാണ് കേസിനാസ്പപദമായ സംഭവം.

കുന്നംകുളത്തെ മത്സ്യ മാർക്കറ്റിൽനിന്ന് വിതരണത്തിനായി കൊണ്ടുപോകുന്ന ഇൻസുലേറ്റർ വാഹനങ്ങൾ മത്സ്യ വിതരണം കഴിഞ്ഞ് യേശുദാസ് റോഡിൽ നിർത്തിയിട്ട സമയത്താണ് 42,000 രൂപയോളം വിലവരുന്ന നാല് ബാറ്ററികൾ രാവിലെ എട്ടരക്കും വൈകീട്ട് അഞ്ചിനുമിടയിൽ മോഷണം പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുഡ്സ് ഓട്ടോയിലാണ് ബാറ്ററി കടത്തിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ഈ വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പെരുമ്പിലാവ്, തിപ്പിലശ്ശേരി, ചങ്ങരംകുളം മേഖലകളിലാണ് ബാറ്ററി വിൽക്കാൻ ശ്രമിച്ചത്. പൊലീസ് സംഘത്തിൽ എസ്.ഐ ഡി. ശ്രീജിത്ത്, ജൂനിയർ എസ്.ഐ നിധിൻ, സി.പി.ഒമാരായ ജ്യോതിഷ് കുമാർ, അനൂപ്, സജയൻ എന്നിവരുമുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.