കൊരട്ടി: കിഴക്കുംമുറി വില്ലേജിലെ നീരോലി പാടത്തിന്റെ ഭാഗമായ സ്ഥലം തരംമാറ്റി നൽകിയ ഉത്തരവ് ഇരിങ്ങാലക്കുട ആർ.ഡി.ഒ മരവിപ്പിച്ചു. തണ്ണീർത്തടം നികത്തലിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിൽ ആർ.ഡി.ഒ നേരത്തെ നൽകിയ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം കൊരട്ടി കൃഷി ഓഫിസറുടെ അഭിപ്രായം പരിഗണിക്കാതെ ഇരിങ്ങാലക്കുട മുൻ ആർ.ഡി.ഒ കൃഷിയിടത്തിൽനിന്ന് തരംമാറ്റി നൽകുകയായിരുന്നു.
ഈ ഉത്തരവാണ് പുതിയ ആർ.ഡി.ഒ മരവിപ്പിച്ചത്. എറണാകുളത്തെ പ്രമുഖ മെഡിക്കൽ ഫൗണ്ടേഷൻ ഉടമയാണ് വയൽ നികത്താൻ ശ്രമം നടത്തിയിരുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ തഹസിൽദാറും ജില്ല കലക്ടറും സ്റ്റോപ്പ് മെമോ നൽകിയിട്ടും വയൽ നികത്തൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം കർഷകത്തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ആശുപത്രി നിർമിക്കാനെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് മണ്ണടിച്ചു കൊണ്ടിരിക്കുന്നത്. തെറ്റായ ഉത്തരവ് നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നികത്തിയ പാടം പൂർവസ്ഥിതിയിലാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കൊരട്ടി: ചിറങ്ങര നീരോലി പാടം മണ്ണിട്ടു നികത്തലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് കൃഷിമന്ത്രി കെ. രാജൻ ഉത്തരവിട്ടു. മണ്ണിട്ടു നികത്തിയ നടപടി ക്രമവിരുദ്ധമാണെന്ന് പ്രാഥമികമായി മനസ്സിലാക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. തൃശൂർ എൽ.ആർ ഡെപ്യൂട്ടി കലക്ടറെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കും. ഭൂമി ഡാറ്റ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിന് 4 ഇ പ്രകാരമുള്ള കൃഷി ഓഫിസറുടെ റിപ്പോർട്ടോ എൽ.എൽ.എം.സിയുടെ അനുമതിയോ ഇല്ലാതെയാണ് നടപടിയെന്നും വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.