തൃശൂർ: കോവിഡിെൻറ നിയന്ത്രണങ്ങളിലും വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിച്ചോട്ടിലെ മേളപ്പെരുക്കത്തിന് പകിട്ട് കുറഞ്ഞില്ല. 10 മിനിറ്റ് അധികം മേളപ്പെരുമഴ തീർത്ത് കഴിഞ്ഞ വർഷം ഒഴിവായിപ്പോയ പൂരത്തിെൻറ കണക്കുകൂടി തീർത്താണ് മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഇലഞ്ഞിച്ചോട്ടിൽ പാണ്ടിമേള വിരുന്നൊരുക്കിയത്. പക്ഷേ, കൂട്ടിത്തട്ടിൽ അഞ്ചാം കലാശം കൊട്ടിത്തീർത്ത് അവസാനിപ്പിച്ച് നിവർന്നപ്പോൾ ഉയരാറുള്ള കാതടപ്പിക്കുന്ന ആർപ്പുവിളികൾ മേളപ്പറമ്പിൽ ഉയരാഞ്ഞത് നിരാശക്കാഴ്ചയായി.
പൂത്തുലഞ്ഞ ഇലഞ്ഞി മരത്തിന് മേലെയായിരുന്നു ചുറ്റും വളച്ചുകെട്ടിയ ഓലമേഞ്ഞ മേളപ്പുര. ഉച്ചക്ക് രണ്ടോടെ ഇലഞ്ഞി മരത്തിെൻറ സമീപത്തെ നടപ്പാതയുടെ മറുഭാഗത്ത് 15 ആനകൾ നിരന്നു. കിഴക്കേ ഗോപുരം വഴി പ്രദക്ഷിണ വഴിയിൽ ചെമ്പട കൊട്ടിയെത്തിയ മേളക്കാരുടെ താളം അരമണിക്കൂറിനു ശേഷം പാണ്ടിമേളത്തിലേക്ക് വഴിമാറി. കതിന മുഴങ്ങിയതോടെ 'ഉലമ്പലി'െൻറ അകമ്പടിയോടെ മേളപ്പുരയിൽ നിരന്നത് 15 ഉരുട്ടുചെണ്ട, 75 വീക്കം ചെണ്ട, 29 കൊമ്പ്, 17 കുഴൽ, 50 ഇലത്താളം കലാകാരന്മാർ.
2.30ഒാടെ മേളപ്രമാണി പെരുവനം കുട്ടൻ മാരാരുടെ ചെണ്ടയിൽ ആദ്യകോൽ വീഴുേമ്പാൾ ചുറ്റിലുമുള്ള നടവഴിയിൽ മേളപ്രേമികളുടെ തിരക്ക്. ഉലമ്പലിൽനിന്ന് ആസുര വാദ്യത്തിെൻറ രൗദ്രതയിൽ എത്തുംമുമ്പുള്ള ആവേഗത്തിെൻറ അരമണിക്കൂർ മേളത്തിലെ 'തുറന്നുപിടിക്കലി'േൻറതായിരുന്നു.
96 അക്ഷരകാലത്തിെൻറ സൗമ്യതയിൽ തുടങ്ങി 48, 24, 12 അക്ഷര കാലത്തിെൻറ രൗദ്രതയിലേക്കുള്ള പ്രയാണത്തിന് കുട്ടൻ മാരാരോടൊപ്പം കുഴലിൽ വെളപ്പായ നന്ദൻ, കൊമ്പിൽ മച്ചാട് രാമചന്ദ്രൻ, വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, രാമപറമ്പിൽ സുകുമാരൻ, താളത്തിൽ ചേർപ്പ് നന്ദൻ, തോന്നൂർക്കര ശിവൻ, പെരുവനം മുരളി തുടങ്ങിയവരും കൂടെ നിന്നു. കേളത്ത് അരവിന്ദാക്ഷൻ, പെരുവനം സതീശൻ മാരാർ എന്നീ മേളക്കാർ യഥാക്രമം ഇടം വലം നയിച്ചു.
നോട്ടവും ഭാവവും പരസ്പരം കൈമാറിയതോടെ 250ഓളം കലാകാരന്മാർ ഏക താളമായി. രണ്ടാം കാലമായ ത്രിപുട കടന്ന് ഇടനില കൊട്ടിക്കയറി മേളം കൂട്ടിത്തട്ടിൽ എത്തുേമ്പാൾ രൗദ്രാവേശം മേളേപ്രമികളിലേക്കും പ്രസരിച്ചു. കൈകൾ ആകാശത്തേക്കുയർത്തി താളത്തോടൊപ്പമായി ആസ്വാദകരും. ഒടുവിൽ കുഴമറിച്ചിലും 'മുട്ടിൻമേൽ ചെണ്ട'യും കഴിഞ്ഞ് തീരുകലാശമെത്തിയപ്പോൾ മേളപ്പെരുമഴ പെയ്തിറങ്ങി.
മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ഇക്കുറി ലാളിത്യഭംഗി. മദ്ദളവും കൊമ്പും ഇടയ്ക്കയും ഇലത്താളവും ആവാഹിച്ച പഞ്ചവാദ്യ വിസ്മയ കൂട്ടിക്കൊട്ടിൽ ആലിലകൾ പോലും താളമിട്ടു. ആവേശക്കോലിൽ താളമിട്ടുയര്ന്ന പുരുഷാരവിരലുകളുടെ ഗതിവേഗമില്ലാഞ്ഞിട്ടും കോങ്ങാട് മധുവും സംഘവും കാഴ്ചവെച്ചത് വിസ്മയഘോഷം. പതികാലവും രണ്ടാം കാലവും കഴിഞ്ഞ് മൂന്നാം കാലവുമായി കളം നിറഞ്ഞാടിയപ്പോൾ വാദ്യകമ്പക്കാരില്ലാത്ത കോവിഡ് മഹാമാരിക്കാലത്തെ വാദ്യവിസ്മയം ചരിത്രമായി. ആൽമരചുവട്ടിലും കെട്ടിടങ്ങളിലും സ്ഥാനം പിടിക്കുന്ന പുരുഷാരമില്ലാതെ, പൂരം സംഘാടകരും എതാനും കുറച്ചാളുകളും മാത്രം മഠത്തിൽ വരവിന് സാക്ഷികളായി.
പാണികൊട്ടി തിരുവമ്പാടി ചന്ദ്രശേഖരെൻറ പുറത്ത് കയറി തിരുമ്പാടി ഭഗവതി പന്തലിലേക്ക് എത്തിയതോടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് കാലമിട്ടു. പ്രമാണി കോങ്ങാട് മധു കാലംനിരത്തി പതികാലത്തിെൻറ മുഖം തുടങ്ങി. തിമിലയിൽ ഒരു താളവട്ടം കൊട്ടിത്തീർത്തതോടെ മദ്ദളപ്പെരുക്കവും കഴിഞ്ഞ് കൂട്ടിക്കൊട്ട് അരങ്ങേറി. രണ്ടാം കാലവും കഴിഞ്ഞ് മൂന്നാം കാലവുമായി സ്വരാജ് റൗണ്ടിലേക്ക് കടന്നു.
തുടർന്ന് താളവട്ടങ്ങൾ പിന്നിട്ട് നടുവിലാലിൽ ഇടക്കാലത്തിെൻറ വിസ്മയസൗന്ദര്യം. പിന്നീട് മുറുകിയ ഇടക്കാലത്തിൽ താളവട്ടം കൊട്ടി തിരുവമ്പാടി ദേവസ്വം ഓഫിസിനു മുന്നിൽ. കൂട്ടിപ്പെരുക്കി തൃപുടയിലേക്ക് കാലം മാറിയതിനുശേഷം വാദ്യക്കാർ നായ്ക്കനാലിൽ. ഈ സമയം ചെറിയ തൃപുടയിലേക്ക് മാറി അവസാനം ഏകതാളത്തിൽ കൊട്ടിക്കലാശിച്ചു. കലാശക്കൊട്ടിൽ മുകിരിതമാവുന്ന പുരുഷാര ആർപ്പുവിളികളുടെ അഭാവം മഠത്തിൽ വരവിെൻറ വശ്യതക്ക് മങ്ങലേൽപ്പിച്ചു.
എഴുപതോളം പേർ ഉണ്ടാവേണ്ടിയിരുന്ന പഞ്ചവാദ്യ സംഘം 35 പേരുമായി ചുരുങ്ങിയെങ്കിലും അതൊന്നും വാദ്യവിരുന്നിെൻറ ഭംഗി കുറച്ചില്ല. ഒമ്പത് തിമിലകൾ, അഞ്ച് മദ്ദളം, ഒമ്പത് കൊമ്പ്, ഒമ്പത് താളം, രണ്ട് ഇടയ്ക്ക എന്നിവയിലാണ് വാദ്യവിസ്മയം തീർത്തത്. കരിയന്നൂർ നാരായണൻ നമ്പൂതിരി, അഗതിയൂർ ഹരീഷ് നമ്പൂതിരി, തൃപ്രയാർ രമേശ്, ഒറ്റപ്പാലം ഹരി, ഉദയാനപുരം ഹരി, തൃപ്രയാർ മഹേഷ്, കൊരട്ടി സുരേഷ്, മറ്റൂർ വിഷ്ണു എന്നിവർ തിമിലയിൽ കോങ്ങാട് മധുവിനൊപ്പം ഉണ്ടായി. ചെർപ്പുളശ്ശേരി ശിവനായിരുന്നു മദ്ദള പ്രമാണി. താളത്തിന് ചേലക്കര സൂര്യനും കൊമ്പിന് മച്ചാട് രാമചന്ദ്രനും ഇടയ്ക്കക്ക് തിച്ചുർ മോഹനനും പ്രമാണം വഹിച്ചു. ദൃശ്യമാധ്യമങ്ങളിൽ തത്സമയം ഇമചിമ്മാതെ കണ്ടിരുന്നു പുരുഷാരം.
പൂരംനാളിൽ വർണക്കടലാവുന്ന തേക്കിൻകാട്ടിൽ നാല് മിനിറ്റിൽ വർണ നീരാട്ട്. പൂരം ചടങ്ങിലൊതുക്കിയപ്പോൾ കുടമാറ്റം പ്രദർശനത്തിലൊതുക്കുകയായിരുന്നു. ഇലഞ്ഞിത്തറ മേളം പൂർത്തിയാക്കി അഞ്ചേകാലോടെയാണ് പാറമേക്കാവ് വിഭാഗം വടക്കുന്നാഥനിൽനിന്ന് തെക്കോട്ടിറങ്ങിയത്. ഗോപുരമിറങ്ങുമ്പോൾ തന്നെ കുടകൾ മാറ്റി പാറമേക്കാവ് വിഭാഗം പ്രദർശനം തുടങ്ങി.
ആനകൾ സ്വരാജ് റൗണ്ടിലെത്തി പാറമേക്കാവ് പത്മനാഭൻ രാജാവിനെ വലംവെച്ച് മടങ്ങിയെത്തി തിരുവമ്പാടി വിഭാഗത്തിനായി കാത്തു നിന്നു. ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലുള്ള മേളം കഴിഞ്ഞ് തിരുവമ്പാടി വടക്കുന്നാഥനിൽ കയറി.
അഞ്ചരയോടെ തെക്കേഗോപുരവാതിലിന് മുന്നിൽ പച്ചക്കുടയുയർന്നു പുറത്തേക്കെഴുന്നള്ളിപ്പിെൻറ അടയാളമറിയിച്ചു. പിന്നാലെ ചന്ദ്രശേഖരെൻറ മസ്തകമേറി തിരുവമ്പാടി ഭഗവതിയുടെ തെക്കോട്ടിറക്കം. ചുവപ്പ് കുടയുയർത്തിയ പാറമേക്കാവിന് പച്ചയുയർത്തി തിരുവമ്പാടി മറുപടി നൽകി. പിന്നാലെ മറുഭാഗം പച്ചയുയർത്തിയപ്പോൾ ഇവിടെ ചുവപ്പും നിവർത്തി. മേളത്തിനിടയിൽ നാല് മിനിറ്റിൽ അവസാനിപ്പിച്ച പ്രതീകാത്മ കുടമാറ്റം കഴിഞ്ഞ് തിരുവമ്പാടിയും മടങ്ങി.
തൃശൂര്‍: പൂരപ്പറമ്പില്‍ പുരുഷാരത്തിെൻറ ആരവങ്ങളില്ല. എങ്കിലും മേടച്ചൂടിനും പൂരച്ചൂടിനും കുറവുണ്ടായില്ല. ചടങ്ങുകളുടെ പൂര്‍ണതയില്‍ ചരിത്രത്തിലേക്ക് ഒരു മഹാപൂരം. ആൾത്തിരക്കിന് മാത്രമേ വിലക്കുണ്ടായിരുന്നുള്ളൂ. ഘടകപൂരങ്ങളും കാഴ്ചകളുമായി പൂരം മനം നിറച്ചു. തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്താണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പാറമേക്കാവ് വിഭാഗം പതിവുപോലെ 15 ആനകളെ എഴുന്നള്ളിച്ചു. കോവിഡ് പ്രതിരോധം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ആൾക്കടലാവുന്ന തേക്കിൻകാടിെൻറ പല കോണുകളും വിജനമായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഘടകക്ഷേത്രങ്ങളിലെ കണിമംഗലം വിഭാഗം ആദ്യമെത്തി. പിന്നാലെ, കിഴക്കുംപാട്ടുകര പനമുക്കംപള്ളി, ചെമ്പൂക്കാവ്, കാരമുക്ക്-പൂക്കാട്ടിക്കര, ലാലൂര്‍, ചൂരക്കോട്ടുക്കാവ്, അയ്യന്തോള്‍, കുറ്റൂര്‍ നെയ്തലക്കാവ് എന്നീ വിഭാഗങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തി മടങ്ങി. ഏഴരയോടെ തിരുവമ്പാടി വിഭാഗം മഠത്തിലേക്ക് പുറപ്പെട്ടു. കൊമ്പന് കണ്ണന് തിടമ്പേറ്റി. പഴയ നടക്കാവിലെ മഠത്തിലെത്തി ഇറക്കി പൂജക്ക് ശേഷം 11.30ന് പ്രസിദ്ധമായ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിച്ചു. കോങ്ങാട് മധുവായിരുന്നു പ്രമാണി.
തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റി. രണ്ടരയോടെ നായ്ക്കനാലില്‍ എത്തി പഞ്ചവാദ്യം അവസാനിപ്പിച്ച് ശ്രീമൂലസ്ഥാനത്തേക്ക് പാണ്ടി കൊട്ടിക്കയറി. കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്വത്തിൽ പഞ്ചാരി. നാലേമുക്കാലിന് മേളം അവസാനിപ്പിച്ച് വടക്കുംനാഥനെ പ്രദക്ഷിണംവെച്ച് തെക്കേഗോപുരനട വഴി പുറത്തിറങ്ങി. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് വിഭാഗം 15 ആനകളോടെ പുറത്തേക്ക് എഴുന്നള്ളി. ചുവന്ന കുട ചൂടി പ്രൗഢി ചോരാത്ത പുറപ്പാടിന് പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റി. ഭഗവതിയെ പാണി കൊട്ടി പുറത്തിറക്കിയ പെരുവനം കുട്ടന്മാരാര് പ്രമാണിയായി ക്ഷേത്ര മുറ്റത്ത് വിസ്തരിച്ച ചെമ്പട മേളം. സ്പെഷൽ കുടകൾ ഉൾപ്പെടെ അവതരിപ്പിച്ച് കുടമാറ്റത്തിെൻറ പകർന്നാട്ടം.
ഒന്നേമുക്കാലോടെ മേളം കലാശിച്ച് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. രണ്ടരയോടെ പെരുവനവും ഇരുന്നൂറിലധികം കലാകാരൻമാരും അണിനിരന്ന ഇലഞ്ഞിത്തറ മേളം. മേളത്തിനു ശേഷം പാറമേക്കാവും തുടർന്ന് തിരുവമ്പാടിയും തെക്കേഗോപുരം വഴി ഇറങ്ങി.
പാറമേക്കാവ് ഭഗവതിയുടെ തിടേമ്പറ്റിയ പത്മനാഭൻ രാജാവിെൻറ പ്രതിമ വലം വെച്ച് വരുന്നതിനിടയിൽ തിരുവമ്പാടി തെക്കേഗോപുരത്തിൽ നിലയുറപ്പിച്ചു. തെക്കേഭാഗത്ത് പാറമേക്കാവിെൻറ 15 ആനകൾ നിരന്നപ്പോൾ വടക്ക് ഭാഗത്ത് തിരുവമ്പാടിയുടെ ചന്ദ്രശേഖരൻ മാത്രം. കുടമാറ്റം ഇത്തവണ കുടകളുടെ പ്രദര്‍ശനമായിരുന്നു.
പൂരങ്ങൾ രാത്രിയിലും ആവര്‍ത്തിച്ചു. തിരുവമ്പാടിയുടെ രാത്രി പൂരത്തിന് കുട്ടൻകുളങ്ങര അര്ജുനന് തിടമ്പേറ്റി. പാറമേക്കാവിന് ഗുരുവായൂര്‍ നന്ദനും. പാറമേക്കാവിെൻറ രാത്രി പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയായി. ചടങ്ങുകൾ പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയോടെ ഇരു ഭഗവതിമാരും ഉപചാരം ചൊല്ലി പിരിയും. മഹാമാരിക്കാലത്തെ അതിജീവന പൂരം നെഞ്ചേറ്റിയ പൂരനാട് അടുത്ത പൂരം 'തുറന്ന ലോക'ത്താകാൻ കൊതിച്ച് കാത്തിരിപ്പിലേക്ക് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.