തൃശൂർ: ജില്ലയിൽ എലിപ്പനി കൂടുന്ന സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉടൻ ചികിത്സ തേടാത്തതാണ് എലിപ്പനി മരണത്തിന് കാരണം. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഭേദമാകാത്ത പനിയും ആവർത്തിച്ചുവരുന്ന പനിയും ഉള്ളവർ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണം. മലിനജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കിൽ അതും ഡോക്ടറോട് പറയണം.
തുടക്കത്തിൽ രോഗം തിരിച്ചറിയാത്തതുമൂലം ചികിത്സ തുടങ്ങാൻ വൈകുകയും ലക്ഷണങ്ങൾ ഗുരുതരമാകുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. എലിമൂത്രം വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ വഴിയോ കണ്ണിലേയും വായിലേയും ശ്ലേഷ്മസ്തരങ്ങൾ വഴിയോ ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാക്കുന്നത്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം.
പെട്ടെന്നുള്ള മഴയിൽ നഗരപ്രദേശങ്ങളിൽ ഓടകൾ നിറഞ്ഞുകവിയുന്ന വെള്ളത്തിലൂടെ എലിപ്പനി പകരാൻ സാധ്യതയുണ്ട്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണം.
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലും മീൻപിടിത്തത്തിൽ ഏർപ്പെടുന്നവരിലും തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും രോഗം കൂടുതലായി കാണപ്പെടുന്നുണ്ട്. കൈകാലുകളിൽ (മറ്റു ശരീരഭാഗങ്ങളിലും) മുറിവുള്ളവർ മുറിവ് ഉണങ്ങുന്നതുവരെ പണികൾക്ക് ഇറങ്ങരുത്.
ജോലിക്ക് പോകുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ ആൻറിസെപ്റ്റിക് ഓയിൻമെൻറ് ഉപയോഗിച്ച് മുറിവ് കെട്ടി വേണം ജോലിക്ക് പോകാൻ. ജോലി കഴിഞ്ഞുവന്ന് വീണ്ടും അതുപോലെ ഡ്രസ് ചെയ്യണം.
ഇത്തരം ജോലി ചെയ്യുന്നവർ കൈയുറ, റബർ ബൂട്ട് എന്നിവ ധരിക്കണം. കൂടാതെ, ആ കാലയളവിൽ ഡോക്ടറുടെ നിർദേശാനുസരണം എലിപ്പനിക്കെതിരായ രോഗപ്രതിരോധമരുന്ന് (ഡോക്സിസൈക്ലിൻ) കഴിക്കണം.
ആഴ്ചയിലൊരിക്കൽ രണ്ട് ഡോക്സിസൈക്ലിൻ ഗുളിക (200 മി.ഗ്രാം) ആറ് -എട്ട് ആഴ്ചവരെ കഴിക്കണം. ആവശ്യമെങ്കിൽ രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം വീണ്ടും കഴിക്കണം. ഈ മരുന്ന് പാർശ്വഫലങ്ങൾ വളരെ കുറവുള്ളതും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് സൗജന്യമായി ലഭിക്കുന്നതുമാണെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.