ഒല്ലൂര്‍: ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളുടെ ‘തലസ്ഥാന’മായ ഒല്ലൂര്‍ നിയോജക മണ്ഡലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. സി.പി.ഐ, കോണ്‍ഗ്രസ് പ്രതിനിധികൾ മാറിമാറി നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന ഒല്ലൂരിന്റെ തീരുമാനം തൃശൂർ ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പിലും ഈ രണ്ട് പാർട്ടികൾക്കും മുന്നണികൾക്കും നിർണായകമാണ്.
കോണ്‍ഗ്രസിലെ പി.ആര്. ഫ്രാന്‍സിസിനുശേഷം ഇപ്പോൾ നിയമസഭ മണ്ഡലത്തിന്റെ പ്രതിനിധിയായ സി.പി.ഐയിലെ കെ. രാജനാണ് മണ്ഡലത്തിൽനിന്ന് രണ്ട് തവണ അടുപ്പിച്ച് ജയിച്ചിട്ടുള്ളത്. പരമ്പരാഗത വ്യവസായങ്ങള്‍ക്കൊപ്പം ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണ് ഒല്ലൂരിലേത്. ഐഎന്‍.ടി.യു.സി, സി.ഐ.ടി.യു യൂനിയനുകള്‍ക്ക് ഒല്ലൂര്‍ മേഖലയിലെ ഓട്, മരം, കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികൾക്കിടയിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു. തൊഴിലാളി സമരങ്ങളുടെയും അവകാശ പോരാട്ടങ്ങളെയും മുന്നണിയിൽനിന്നാണ് പി.ആര്. ഫ്രാന്‍സിസിനെയും സി.പി.എമ്മിലെ പി.കെ. വേലായുധനെയും പോലുള്ള നേതാക്കൾ ഉദിച്ചത്. ഇടതുമുന്നണി രൂപവത്കരിച്ചത് മുതൽ സി.പി.ഐക്കാണ് ഒല്ലൂർ നിയമസഭ സീറ്റ് നൽകുന്നത്. നിയമസഭ മണ്ഡലം ഉൾപ്പെടുന്ന തൃശൂർ ലോക്സഭ മണ്ഡലവും സി.പി.ഐക്കുള്ളതാണ്.
ഒല്ലൂരിന്റെ രാഷ്ട്രീയചരിത്രത്തില്‍ വിശേഷ വ്യക്തിത്വമാണ് പി.ആര്. ഫ്രാന്‍സിസ്. 1957ല്‍ ആദ്യ നിയമസഭയില്‍ അംഗമായാണ് തുടക്കം. കോൺഗ്രസിലെ എ.കെ. ആന്റണി പക്ഷം സി.പി.എമ്മുമായി സഹകരിച്ച 1980ല്‍ ഒല്ലൂരിൽ പി.ആര്. ഫ്രാന്‍സിസിനെ മത്സരിപ്പിച്ചതും കോണ്‍ഗ്രസിലെ രാഘവന് പൊഴേക്കടവില്‍ ജയിച്ചതും ചരിത്രം. ‘82ലും പൊഴേക്കടവില്‍ ജയിച്ചു. ‘87ല്‍ സി.പി.ഐയിലെ എ.എം. പരമന് പ്രതിനിധിയായി. പീന്നിട് 2016ല്‍ കെ. രാജന് മത്സരിക്കുന്നത് വരെ ഒല്ലൂരിൽ സി.പി.ഐയും കോണ്‍ഗ്രസും മാറിമാറിയാണ് ജയം നേടിയത്. കാലം മാറി. നിയോജക മണ്ഡലത്തിന്റെ ഘടന മാറിയതും പുതിയ രാഷ്ട്രീയ സാഹചര്യം സ്യഷ്ടിച്ചു.
പരമ്പരാഗത വ്യവസായങ്ങളായ ഓട്, പാക്കിങ് കേസ് നിർമാണശാലകൾ നാമവശേഷമായി. അതിന്റെ സ്ഥാനത്ത് ഇമിറ്റേഷന്‍ ആഭരണ നിര്‍മാണ യൂനിറ്റുകള്‍ വന്നു. പ്ലാസ്റ്റിക് വ്യവസായങ്ങള്‍ വന്നു. ട്രേഡ് യൂനിയനുകളുടെ ശേഷിയും പ്രസക്തിയും കുറഞ്ഞു. പഴയ ഒല്ലൂര്‍ പഞ്ചായത്ത് തൃശൂര്‍ കോര്‍പറേഷന്റെ ഭാഗമായി. കൂര്‍ക്കഞ്ചേരി, വടൂക്കര പ്രദേശങ്ങള്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തിലേക്ക് ചേര്‍ത്തു. പകരം നടത്തറ, കുട്ടനെല്ലൂര്‍ ഭാഗങ്ങള്‍ തൃശൂര്‍ നിയോജക മണ്ഡലത്തിന്റെ ഭാഗമായി മാറി.
എൽ.ഡി.എഫിനും യു.ഡി.എഫിനുമിടക്ക് കേന്ദ്രഭരണത്തിന്റെ തണലില്‍ എൻ.ഡി.എയും സാന്നിധ്യമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്, ഒല്ലൂരിൽ അത് വേണ്ടത്ര ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെങ്കിലും. സംസ്ഥാന മന്ത്രിസഭയിൽ രണ്ടാമനായ റവന്യൂ മന്ത്രി കെ. രാജന്റെ മണ്ഡലമെന്ന ബലം സി.പി.ഐക്കും എൽ.ഡി.എഫിനുമുണ്ട്. രാജന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനം അക്കമിട്ട് പറഞ്ഞാണ് എല്‍.ഡി.എഫും സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറും പ്രചാരണം നടത്തുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുത്തൂരില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്ന സുവോളജിക്കൽ പാര്‍ക്ക്, കണ്ണാറ ഹണി-ബനാന പാര്‍ക്ക്, പട്ടയ വിതരണം, മലയോര ഹൈവേ തുടങ്ങിയവ മണ്ഡലത്തിൽനിന്ന് തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയവും രണ്ടും തമ്മിലുള്ള അന്തർധാരയും വിശദീകരിച്ചും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രസക്തി വിവരിച്ചുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനും വോട്ടർമാരെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.