കോടാലി: വയല്‍ചുള്ളി പോലുള്ള മുള്‍ച്ചെടികളും പുല്ലും മാലിന്യവും നിറഞ്ഞ് നാശോന്മുഖമായി കിടന്നിരുന്ന മറ്റത്തൂര്‍ ജലസേചന കനാല്‍ വൃത്തിയാക്കുന്ന പണികള്‍ പുരോഗമിക്കുന്നു.
നവംബർ 15ന് മുമ്പ് പണികള്‍ പൂര്‍ത്തീകരിച്ച് ചാലക്കുടി ഇടതുകര, വലതുകര കനാലുകളിലൂടെ പൂര്‍ണ തോതില്‍ ജലവിതരണം ആരംഭിക്കാന്‍ ഏതാനും ദിവസം മുമ്പ് സനീഷ്കുമാര് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് മെയിന്‍ കനാലുകളും ബ്രാഞ്ച് കനാലുകളും വൃത്തിയാക്കുന്ന പണികള്‍ നടന്നുവരുന്നത്.
മറ്റത്തൂര്‍ ജലസേചന കനാലില്‍ വെള്ളമെത്താത്തത് മാങ്കുറ്റിപ്പാടം പാടശേഖരമുള്പ്പടെ പാടങ്ങളിലെ മുണ്ടകന്‍ കൃഷി പണികളെ ബാധിച്ചിട്ടുണ്ട്.
കോടശേരി പഞ്ചായത്തിലെ മാരാങ്കോട് മുതല്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്റര്‍ നീളം വരുന്ന മറ്റത്തൂര്‍ ജലസേചന കനാല്‍ വൃത്തിയാക്കുന്ന ജോലി പൂര്‍ത്തീകരിച്ച് ഏതാനും ദിവസത്തിനുള്ളില്‍ വെള്ളം തുറന്നുവിടാനാണ് ജലസേചന വകുപ്പ് അധികൃതരുടെ തീരുമാനം. നേരത്തെ തൊഴിലുറപ്പു തൊഴിലാളികളാണ് കനാല്‍ വൃത്തിയാക്കിയിരുന്നതെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കരാറുകാരാണ് ഈ പണി ചെയ്യുന്നത്.
മറ്റത്തൂര്‍ കനാലിന്റെ കടമ്പോട് വരെയുള്ള ഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്ന പണികള്‍ ബുധനാഴ്ച പൂര്‍ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.