പെരുമ്പിലാവ്: ഔഷധ സസ്യങ്ങളെ സ്നേഹിക്കുന്ന മുതു പറമ്പത്ത് നാരായണൻ നമ്പൂതിരിയുടെ ഔഷധത്തോട്ടം ചാലിശ്ശേരി ഗ്രാമത്തിന് പരിമളമാകുന്നു. ഒന്നര പതിറ്റാണ്ടായി മണ്ണിനെയും ഔഷധ സസ്യങ്ങളെയും സ്നേഹിക്കുന്ന ചാലിശ്ശേരി മുതുപറമ്പത്ത് നാരായണൻ നമ്പൂതിരിയുടെ ഹരിതത്തോട്ടം ഗ്രാമത്തിനും പുതുതലമുറക്കും അറിവിന്റെ പറുദീസയാണ്.
വിവിധയിടങ്ങളിലൂടെ സഞ്ചരിച്ച് വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ അപൂർവ ഔഷധച്ചെടികൾ കണ്ടെത്തി അവ സ്വന്തമാക്കി നട്ടുവളർത്തുന്നത് നാരായണൻ നമ്പൂതിരിക്ക് ഹരമാണ്. വീടിനോട് ചേർന്നുള്ള മൂന്നേക്കർ സ്ഥലത്തെ തോട്ടത്തിൽ ഔഷധസസ്യങ്ങളുടെ വൻ ശേഖരമാണ് പരിപാലിക്കുന്നത്. ഫലവൃക്ഷങ്ങൾ, അലങ്കാരച്ചെടികൾ, പച്ചക്കറികൾ എന്നിവയുള്ള ഗ്രാമത്തിലെ ഔഷധോദ്യാനം വേറിട്ട കാഴ്ചയാണ്. അത്യപൂർവങ്ങളായ നക്ഷത്ര വൃക്ഷങ്ങൾ, പുരാണ പ്രസിദ്ധമായ ശിൻശിബ, പുത്രൻ ജീവ, ആരോഗ്യപ്പച്ച, രുദ്രാക്ഷം, ചുകന്ന കറ്റാർവാഴ, അഗ്നിമന്ദാരം, പ്രമേഹ രോഗികൾക്കുള്ള മംഗോട്ടദേവ, മുള്ളൻ ചിറ്റാമൃത് എന്നിവയും വിവിധങ്ങളായ ഫലവൃക്ഷങ്ങളും ശേഖരത്തിലുണ്ട്. ഗ്രാമത്തെ അടയാളപ്പെടുത്തുന്ന ഔഷധ സസ്യങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനുമായി ആയുർവേദത്തിന് പഠിക്കുന്ന വിദ്യാർഥികൾ ധാരാളമായി തോട്ടത്തിലെത്തുക പതിവാണ്.
കൃഷിക്ക് പുറമെ നാരായണൻ നമ്പൂതിരി അക്ഷരശ്ലോക സദസ്സുകളിലും ഏറെ സുപരിചിതനാണ്. ഗുരുവായൂർ ഏകാദശി, ഇരിങ്ങാലക്കുട, കാറൽമണ്ണ, ചേർപ്പ്, തിരുവള്ളക്കാവ് എന്നീ സ്ഥലങ്ങളിൽ നിന്നായി എട്ടോളം സ്വർണ മെഡൽ അക്ഷരശ്ലോകത്തിൽ കരസ്ഥമാക്കിയിട്ടുണ്ട്.സാഹിത്യത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം പിതാവിൽനിന്നാണ് അക്ഷരശ്ലോകം പഠിച്ചത്. രണ്ട് ദശകം മുമ്പ് ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാക്കശ്ശേരി ഭട്ടതിരി സ്മാരക അക്ഷരശ്ലോക സമിതിയുടെ മുഖ്യശിക്ഷകനും നാരായണൻ നമ്പൂതിരി ആയിരുന്നു. മുതുപറമ്പത്ത്മന രാമൻ നമ്പൂതിരി-ഉമാദേവി അന്തർജനം ദമ്പതികളുടെ മകനായ നാരായണൻ നമ്പൂതിരി പട്ടാമ്പി സംസ്കൃത കോളജിൽ വിദ്യാർഥി യൂനിയനിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ചാലിശ്ശേരി സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റായി അഞ്ചുവർഷം പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.