കയ്പമംഗലം: മൂന്നുപീടികയിൽ ജ്വല്ലറി കൊള്ളയടിച്ച സംഭവത്തിൽ ദുരൂഹത. മൂന്ന് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടെന്ന് പറയുന്ന ജ്വല്ലറിയിൽ ഒറ്റ സി.സി.ടി.വി കാമറയും പ്രവർത്തിച്ചില്ലെന്നത് സംശയത്തിനിടയാക്കുന്നു.
ജ്വല്ലറിയുടെ ഭിത്തി തുരന്നിട്ടുണ്ടെങ്കിലും കഷ്ടിച്ച് ഒരടി ഉയരവും രണ്ടടി വീതിയും മാത്രമുള്ള ദ്വാരത്തിലൂടെ ഒരാൾക്ക് സുഗമമായി അകത്തേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല. മാത്രമല്ല, ഇതിലൂടെ ആരെങ്കിലും കടന്നതിെൻറ ലക്ഷണങ്ങളോ തുരക്കാൻ ഉപയോഗിച്ച ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല.
ലോക്ഡൗണിന് മുമ്പും മാസങ്ങളായി പ്രവർത്തിക്കാത്ത ജ്വല്ലറിയിൽ കിലോക്കണക്കിന് സ്വർണം ഉണ്ടാകുമോ എന്നതും സംശയാസ്പദമാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി വർഗീസിെൻറ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രഫഷനൽ സംഘമല്ല മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
വ്യാഴാഴ്ച രാത്രിയിലാണ് മൂന്നുപീടിക തെക്ക് വശത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ മോഷണം നടന്നത്. ഉടമയെയും രണ്ട് ജീവനക്കാരെയും വെള്ളിയാഴ്ച തന്നെ എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സ്ഥാപനവുമായി ബന്ധമുള്ളവരുടെയും ജ്വല്ലറി നവീകരണ പ്രവർത്തനത്തിനെത്തിയവരുടെയും പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റു സ്ഥാപനങ്ങളിലെ സി.സി.ടി.വികളും പരിശോധിച്ച് വരുകയാണ്.
വ്യാഴാഴ്ച അർധരാത്രിയിൽ മോഷണം നടന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആ സമയത്തെ മൊബെൽ സിഗ്നൽ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ലോക്കർ മുറി തുറക്കാൻ ഗ്യാസ് കട്ടറോ മറ്റോ ഉപയോഗിച്ചിരുന്നില്ല എന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.
താക്കോൽ ഉപയോഗിച്ചാണ് ലോക്കർ തുറന്നതെന്നാണ് കരുതുന്നത്. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ശനിയാഴ്ച വീണ്ടും പൊലീസ് ചോദ്യം ചെയ്തു. ജ്വല്ലറിയിൽ എത്ര സ്വർണം സ്റ്റോക്ക് ഉെണ്ടന്നും ബാങ്ക് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.