അഴീക്കോട് (തൃശൂർ): സംസ്ഥാനത്തെ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പോടുകൂടിയ അഴീക്കോട് മുനക്കൽ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കാൻ തീരുമാനിച്ചു. ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി ഇ.ടി. ടൈസണ്‍ എം.എല്‍.എ അറിയിച്ചു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപടികള്‍ ആരംഭിക്കും. കേരളത്തിലെ ശ്രദ്ധേയവും വിപുലമായതുമായ ബീച്ചായി അഴീക്കോടിനെ മാറ്റാനുള്ള എസ്റ്റിമേറ്റ് തുക മുസിരിസ് പൈതൃക പദ്ധതിയിലൂടെ അനുവദിക്കുമെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിലും വ്യക്തമാക്കിയിരുന്നു.
മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 'ഗേറ്റ് വേ ഓഫ് മുസിരിസ്' എന്ന പേരില്‍, ചരിത്രവും പൈതൃകവും സമന്വയിപ്പിച്ച് സംസ്ഥാനത്തെ ആദ്യത്തെ പൈതൃക ബീച്ചാക്കി മാറ്റാനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതികളാണ് തയാറാക്കുന്നത്.
ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്നതിെൻറ ഭാഗമായി 2019ലാണ് ജില്ല വിനോദസഞ്ചാര പ്രമോഷന് കൗണ്‍സില്‍ ബീച്ച് മുസിരിസ് പൈതൃക പദ്ധതിക്ക് കൈമാറിയത്. ബീച്ചിെൻറ സൗന്ദര്യവത്കരണത്തിന് മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്പൈസസ് റൂട്ട് പ്രോജക്ടില്‍നിന്ന് ആറുകോടി രൂപ അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ തുടക്കമിട്ടു.
അഴീക്കോട് കടല്‍ത്തീരത്തായി ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉള്‍പ്പെടെയുള്ള വിശാലമായ മണല്‍പ്പരപ്പോടുകൂടിയ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്. നിലവിലുള്ള പരിമിതമായ സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതിസൗന്ദര്യം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്.
സൗന്ദര്യവത്കരണ ഭാഗമായി കൂടുതല്‍ ശില്പങ്ങളും ഇരിപ്പിടങ്ങളും വഴിവിളക്കുകളും നടപ്പാതകളും സ്ഥാപിക്കാൻ നിർദേശം വെച്ചിട്ടുണ്ട്. നിലവില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പുകള്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, കഫേ, കുട്ടികളുടെ പാര്‍ക്ക്, സാംസ്കാരിക പരിപാടികള്‍ക്കായി വിശാലമായ സ്റ്റേജ് എന്നിവ ഇവിടെയുണ്ട്. ഇത് കൂടുതല്‍ വിപുലമാക്കും. കൂടാതെ ഫുട്ബാള്‍, വോളിബാള്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍, കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ബീച്ചില്‍ സൂര്യാസ്തമയം ദര്‍ശിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിവ ഒരുക്കും. പദ്ധതിയുടെ ഭാഗമായി നേരത്തേതന്നെ ബീച്ചിെൻറ ഒരുഭാഗത്ത് 20 സെൻറ് സ്ഥലത്ത് മിയോവാക്കി കാടുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കിഴക്കുഭാഗത്ത് വിപുലമായ സൗകര്യമുള്ള ബോട്ട് ജെട്ടിയുടെ നിർമാണവും ആരംഭിച്ചു. ഇവിടെ നിന്ന് മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളുമായി ബന്ധിപ്പിക്കാനാകും.
ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം എന്ന വിശേഷണത്തിനും ഈ ബീച്ച് അര്‍ഹമായിട്ടുണ്ട്. കോവിഡും ലോക്ഡൗണും മൂലമുള്ള പ്രതിസന്ധികള്‍ കഴിയുന്നതോടെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം. നൗഷാദ് അറിയിച്ചു. കോടികള്‍ ചെലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും പൂര്‍ത്തിയാകുന്നതോടെ മുനക്കല്‍ ബീച്ച് ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.