തൃശൂർ: ആവശ്യങ്ങൾ പറയാൻ നാടൊഴുകിയെത്തി. കേൾക്കാൻ ഭരണകൂടം അരികിലെത്തിയതിന്റെ ആഹ്ലാദം ആഘോഷമായപ്പോൾ ജില്ലയിൽ പൂരാരവത്തിലായിരുന്നു നവകേരള സദസ്സിന്റെ രണ്ടാംദിനം. രാവിലെ മണലൂരിലെ പാവറട്ടിയിൽനിന്ന് തുടങ്ങി വൈകീട്ട് തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് അവസാനിച്ചത്. ബുധനാഴ്ച തൃശൂർ രാമനിലയം ഗെസ്റ്റ് ഹൗസിൽ മന്ത്രിസഭ യോഗം ചേരുമ്പോൾ ഒരു ചരിത്രമുഹൂർത്തംകൂടി.
പ്രഭാതയോഗത്തിനും വാർത്തസമ്മേളനത്തിനും ശേഷമാണ് മണ്ഡലങ്ങളിലേക്ക് മുഖ്യമന്ത്രി അടക്കമുള്ളവർ യാത്ര തിരിച്ചത്. മണലൂർ മണ്ഡലത്തിൽ പാവറട്ടി സെന്റ് ജോസഫ് സ്കൂളിലായിരുന്നു വേദി. 11ന് തീരുമാനിച്ച സദസ്സിലേക്ക് ഒമ്പതരയോടെതന്നെ ആളുകളെത്തിത്തുടങ്ങി. ഇതോടെ വേദിയിൽ കലാസംസ്കാരിക പരിപാടികൾ തുടങ്ങി. ഇതിനിടെ മന്ത്രിമാരായ എ.കെ. ശശീന്ദ്രനും ജെ. ചിഞ്ചുറാണിയും വി.എൻ. വാസവനും വേദിയിലെത്തി. അവർ സംസാരിച്ചുതീരുന്നതിനിടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി. മുഖ്യമന്ത്രിയുടെ സംസാരം അര മണിക്കൂർ.
പ്രതിപക്ഷ ബഹിഷ്കരണവും അധിക്ഷേപവും ജനം തള്ളിയതിന്റെ കാഴ്ചയാണ് പിന്നിടുന്ന സദസ്സുകളെന്ന് വിശദീകരണം. കേന്ദ്രത്തിനെതിരെയും കടന്നാക്രമണം. പരിപാടി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം മൂന്നോടെ നാട്ടികയിലേക്ക്.
തൃപ്രയാർ ജോയ് ആലുക്കാസ് പ്രോപ്പർട്ടിയിലായിരുന്നു വേദി. മേളപ്രമാണി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ വാദ്യവും കലാപരിപാടികളുമൊക്കെയായി മന്ത്രിമാർക്ക് വരവേൽപ്. പെരുവനത്തിനെ പൊന്നാടയണിയിച്ച് മുഖ്യമന്ത്രിയുടെ ആദരം. നാലരയോടെ ഇവിടെനിന്ന് വേദി മാറ്റത്തിലൂടെ വിവാദമായ ഒല്ലൂർ മണ്ഡലത്തിൽ കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാമ്പസ് ഗ്രൗണ്ടിൽ. നിറഞ്ഞുകവിഞ്ഞ് ജനം. രാജ്യത്തെതന്നെ ആദ്യ പദ്ധതിയായ പുത്തൂർ സുവോളജിക്കൽ പാർക്ക് നവകേരള സദസ്സിന് വേദിയാക്കിയതിനെതിരെ പരാതി ഉയർന്നതോടെയാണ് വേദി മാറേണ്ടിവന്നത്.
അധ്യക്ഷത വഹിച്ച, മണ്ഡലത്തിന്റെ പ്രതിനിധിയായ മന്ത്രി കെ. രാജൻ വേദിമാറ്റത്തിന്റെ സാഹചര്യത്തെക്കുറിച്ച് വിമർശനത്തോടെ വിശദീകരിച്ചു. പാർക്കിലല്ല വേദിയൊരുക്കിയത്. എന്നിട്ടും മാറ്റിയത് വിവാദവും കുബുദ്ധികളുടെ പ്രചാരണവും ഇല്ലാതാക്കാനെന്ന് പറഞ്ഞപ്പോൾ സദസ്സിന്റെ കൈയടി. കേരളത്തിൽനിന്ന് പോയ 18 എം.പിമാർ കേരളത്തിന് വേണ്ടി സംസാരിക്കാത്തതായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ചത്.
ബി.ജെ.പിക്കെതിരെ നേരിയ തോതിൽ പറയാൻപോലും അവർ തയാറാവുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ് നിർത്തുമ്പോൾ സമയം ആറര. ഈ സമയം രണ്ടാം ദിനത്തിലെ അവസാന പരിപാടി നടക്കുന്ന തൃശൂർ തേക്കിൻകാട് മൈതാനം കാത്തിരിപ്പിലും തിരക്കിലും വീർപ്പുമുട്ടുകയായിരുന്നു. കൗണ്ടറുകളിൽ ഉദ്യോഗസ്ഥരും പരാതിക്കാരും.
വേദിയിൽ കലാപരിപാടികൾ. സ്വരാജ് റൗണ്ടിൽ ഉച്ചയോടെ സ്വകാര്യബസുകൾക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. നഗരം വൈദ്യുതദീപാലംകൃതമായിരുന്നു. ആദ്യം മന്ത്രിമാരായ പി. പ്രസാദും റോഷി അഗസ്റ്റിനും പി. രാജീവുമെത്തി. റോഷി തുടങ്ങിവെച്ച് പി. രാജീവ് പൂർത്തിയാക്കി പ്രസാദ് തുടങ്ങുന്നതിനിടെ 6.56ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായുള്ള നവകേരള ബസ് മൈതാനിയിലെത്തി.
വെടിക്കെട്ടോടെ വരവേൽപ്. 7.26ന് മുഖ്യമന്ത്രിയുടെ പ്രസംഗം. നവകേരള സദസ്സിന്റെ ലക്ഷ്യം വിശദീകരിച്ചു. പ്രതിപക്ഷ ബഹിഷ്കരണത്തിന് വീണ്ടും ആക്രമണം. കേന്ദ്ര അവഗണനക്കെതിരെ വിമർശനം. കേരളത്തിനോടുള്ള അവഗണനക്കെതിരെ ടി.എൻ. പ്രതാപൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചതിലുള്ള സന്തോഷം. പറഞ്ഞ് കഴിയുമ്പോൾ രാത്രി എട്ട് കഴിഞ്ഞു. വേദിക്കരികിൽ എത്തിച്ച ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കയറുമ്പോഴും ജനാരവത്തിനിടക്ക് വെടിക്കെട്ടും.
ബുധനാഴ്ച മന്ത്രിസഭ യോഗം നടക്കുന്നതിനാൽ പ്രഭാതയോഗമില്ല. രാവിലെ 11ന് കയ്പമംഗലം മണ്ഡലത്തിലാണ് മൂന്നാം ദിനത്തിലെ ആദ്യ നവകേരള സദസ്സ്. എസ്.എന്‍ പുരം എം.ഇ.എസ് അസ്മാബി കോളജിലാണ് വേദി. വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂര്‍ മണ്ഡലം സദസ്സ് മാള സെന്റ് ആന്റണീസ് സ്കൂള്‍ മൈതാനിയിലും വൈകീട്ട് 4.30ന് ഇരിങ്ങാലക്കുട മണ്ഡലം സദസ്സ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൗണ്ടിലും വൈകീട്ട് ആറിന് തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുക്കാട് നിയോജക മണ്ഡലം സദസ്സും നടക്കും. വ്യാഴാഴ്ച ചാലക്കുടി മണ്ഡലത്തില്‍ സദസ്സോടെ ജില്ലയിലെ പരിപാടി അവസാനിപ്പിച്ച് എറണാകുളം ജില്ലയിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.