തൃശൂർ: അളന്ന് മുറിച്ച് സമയക്രമം.... നാല് മണ്ഡലങ്ങൾ... പ്രസംഗങ്ങൾക്കും... കാണാനെത്തുന്നവർക്കും സമയം... ജില്ലയിൽ ആദ്യദിനത്തിലെ നവകേരള സദസ്സ് പൂർത്തിയായി മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി രാമനിലയത്തിൽ തിരിച്ചെത്തുമ്പോൾ പത്തിനോടടുത്തു. രാവിലെ പ്രഭാതചര്യകൾക്ക് ശേഷം എട്ടേമുക്കാലോടെ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള വാഹനം പ്രഭാതയോഗം നടക്കുന്ന വേദിയിലെത്തി.
കാത്ത് നിന്നവരെ കൈ കൂപ്പി വണങ്ങി മുഖ്യമന്ത്രി. കൂടെ ജില്ലയുടെ മന്ത്രിമാർ കെ. രാജനും കെ. രാധാകൃഷ്ണനും എം.എൽ.എമാർ അടക്കമുള്ളവരും. കർഷക തൊഴിലാളി മുതൽ വ്യവസായ പ്രമുഖരും മതസാമുദായിക നേതാക്കളും വിദ്യാർഥികൾ അടക്കമുള്ള ക്ഷണിക്കപ്പെട്ടെത്തിയ ഓരോരുത്തരുടെയും അരികിലെത്തി. ചായ കുടിക്കുന്നതിനിടയിൽ യോഗം. പങ്കെടുത്തവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളുമുയർന്നു.
സ്വന്തം കൈപ്പടയിൽ ഓരോന്നും കൃത്യമായി കുറിച്ചെടുത്തു. പ്രയാസമുള്ളതല്ലെങ്കിൽ ഉടൻ തന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപനം. പരിശോധനയാവശ്യമുള്ളതാണെങ്കിൽ അങ്ങനെ... കൃത്യം ഒരു മണിക്കൂർ... 10.30ന് മാധ്യമപ്രവർത്തകർക്കരികിൽ. പാലക്കാട് ജില്ലയിൽ ലഭിച്ച നവകേരള സദസ്സിന്റെ പ്രതികരണം.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, കോൺഗ്രസിന്റെ തോൽവി ആർത്തിക്കൊണ്ട് വരുത്തിവെച്ചതെന്ന് രാഷ്ട്രീയമറുപടി. ഇവിടെ നിന്നും ആദ്യ വേദിയായ ചേലക്കര മണ്ഡലം സദസ്സ് നടക്കുന്ന ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ. പ്രതീക്ഷകൾക്കപ്പുറത്തെ ജനസാഗരം.
മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളികളോടെ വരവേൽപ്പ്. വേദിയിൽ എല്ലാവരെയും അഭിവാദ്യം ചെയ്തു. അളന്ന് മുറിച്ച വാക്കുകളിൽ നവകേരള സദസ്സിന്റെ ലക്ഷ്യവും നവകേരളത്തിനായുള്ള പദ്ധതികളും വിശദീകരിച്ച മുഖ്യമന്ത്രി, പിന്നെ രാഷ്ട്രീയത്തിലേക്ക് കടന്നു.
ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മുളങ്കുന്നത്തുകാവ് ആരോഗ്യസർവകലാശാല ഒ.പി മൈതാനത്തെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന്റെ വേദി. പന്തലും വഴികളും നിറഞ്ഞ് കവിഞ്ഞ് ആളുകളൊഴുകി. ഇവിടെയും രാഷ്ട്രീയത്തിന്റെ മൂർച്ച കുറഞ്ഞില്ല. സംസ്ഥാന സർക്കാറിനെ തന്നെ പ്രതിസന്ധിയിലാക്കിയ ലൈഫ് മിഷൻ ഫ്ലാറ്റ് തന്നെ മുഖ്യമന്ത്രി ആയുധമാക്കി.
ഭവനം ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് വീട് നിർമിച്ചു നൽകാനുള്ള പദ്ധതിയെ വിവാദത്തിലാക്കി, ഇന്ത്യ ഗവൺമെന്റിന്റെ അടക്കം സഹായത്തോടെ ബി.ജെ.പിയുടെ ഇടപെടലിലൂടെ കേസിൽപ്പെടുത്തി സി.ബി.ഐയെ അടക്കം ഇടപെടീക്കാനുള്ള നീക്കം നടത്തുന്നതിന് അന്നത്തെ കോൺഗ്രസ് എം.എൽ.എ തന്നെ നേതൃത്വം നൽകി. അതിന്റെ ഭാഗമായി സ്മാരകം പോലെയുള്ള അസ്ഥിപഞ്ജരം ഇവിടെ കിടക്കുന്നുണ്ട്.
അത് പൂർത്തിയാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിന് പണം തന്ന് സഹായിച്ചവരും അത് പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, നിയമക്കുരുക്കിന്റെ ഭാഗമായി അത് അങ്ങനെ കിടക്കുകയാണ്. ആ സ്ഥിതിവിശേഷം ഉണ്ടാക്കിയവരാണ് ലൈഫ് മിഷനിൽ വീട് വെച്ച് നൽകുന്നില്ലെന്ന് പ്രചാരണം നടത്തുന്നത്.
ഇവിടെനിന്ന് കുന്നംകുളം മണ്ഡലത്തിന്റെ വേദിയായ ചെറുവത്തൂർ ഗ്രൗണ്ടിലേക്ക്. കാത്ത് നിന്നവരെ കൈവീശി വേദിയിലെത്തിയ മുഖ്യമന്ത്രി ഇവിടെയും ആക്രമണം തുടർന്നു. ആറേകാലോടെ ഗുരുവായൂർ മണ്ഡലത്തിന്റെ കാട്ടുങ്ങൽ ചത്വരത്തിൽ. അര മണിക്കൂർ ദൈർഘ്യത്തിൽ മുഖ്യമന്ത്രി വികസനവും രാഷ്ട്രീയവും നേട്ടങ്ങളും വിശദീകരിച്ചു. ജനസദസ്സുകളെല്ലാം ആവേശകരമായിരുന്നു.
ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കം നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ തൃശൂരിലെ സ്വകാര്യ ഹോട്ടലിലാണ് പ്രഭാത യോഗം. മണലൂർ, നാട്ടിക, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിലാണ് നവകേരള സദസ്.
കുന്നംകുളം: വിവാഹ ചടങ്ങുകൾ ഇവന്റ് മാനേജ്മെന്റിനെയെല്ലാം ഏൽപിക്കുന്ന പ്രവണത ഇത്തരം പൊതുപരിപാടികളിൽ വേണ്ടെന്ന് മുഖ്യമന്ത്രി. കുന്നംകുളത്ത് മുഖ്യപ്രസംഗത്തിന് മുമ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയുമൊത്ത് പങ്കെടുത്ത വിവാഹ ചടങ്ങിലുണ്ടായ സംഭവം ഉദാഹരണമാക്കിയായിരുന്നു പ്രസംഗം.
വിവാഹ വേദിയിലേക്ക് ഓരോരുത്തരും കയറി വരുമ്പോൾ അവതാരക കൈയടിക്കണമെന്ന് പറയുകയും പിന്നീട് എഴുന്നേറ്റ് നിന്ന് കൈയടിക്കാനും പറഞ്ഞതോടെ സ്ഥലം വിടുകയായിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഒന്നിച്ച് ഗ്രൗണ്ടിൽ എത്തിയതോടെ അവതാരക നടത്തിയ സംഭാഷണമാണ് മുഖ്യമന്ത്രി വിമർശിച്ചത്. പറഞ്ഞിട്ട് ആരെ കൊണ്ടും കൈയടിപ്പിക്കേണ്ട. ഈ പരിപാടിക്ക് അപ്രിയരായി ആരും വന്നിട്ടില്ല. ഇതോടെ സദസ്സ് മുഴുവനും കരഘോഷം നടത്തി.
തൃശൂർ: നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത സദസ്സിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവും സഹകാരിയുമായ ഇ.കെ. ദിവാകരനും മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയും. ദിവാകരൻ കാൽ നൂറ്റാണ്ടോളം വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്നു.
കോണ്‍ഗ്രസ് ഭരണത്തിലുള്ള മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റും 1970 മുതല്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിയെ കണ്ടും മറ്റ് മന്ത്രിമാരും എം.എൽ.എമാരും നേതാക്കളുമായും കുശലാന്വേഷണം നടത്തിയും നിർദേശങ്ങൾ പങ്കുവെച്ചും യോഗം പൂർത്തിയായ ശേഷമാണ് മടങ്ങിയത്. മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മലബാർ എൻജിനീയറിങ് കോളജ് ചെയർമാനുമായ കെ.എസ്. ഹംസയും പങ്കെടുത്തു.
ചാവക്കാട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും മക്കളും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹനീഫയുടെ കുടുംബാംഗങ്ങളിൽ നിന്നും നിരന്തരമായ ഭീഷണി നേരിടുന്നതായും അവകാശങ്ങൾ തടഞ്ഞുവെക്കുന്നതായും ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഷഫ്ന പരാതി നൽകിയിരുന്നു.
തൃശൂർ: നവകേരള സദസ്സ് ഒന്നാംദിനം പിന്നിടവെ മണ്ഡലങ്ങളിൽനിന്ന് ലഭിച്ചത് ആയിരക്കണക്കിന് പരാതികൾ. ആദ്യപരിപാടി നടന്ന ചേലക്കര മണ്ഡലത്തിൽനിന്ന് 4525 നിവേദനങ്ങൾ ലഭിച്ചു. വടക്കാഞ്ചേരിയിൽ 4102 നിവേദനങ്ങൾ ലഭിച്ചു. പരിപാടികൾ കഴിഞ്ഞതിനുശേഷം വന്ന അവസാന അപേക്ഷയും കൗണ്ടറുകളിൽ സ്വീകരിച്ചു. തൃശൂർ താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അപേക്ഷകൾ സ്വീകരിച്ചത്.
കുന്നംകുളം മണ്ഡലത്തിൽ 4228 അപേക്ഷകളാണ് ലഭിച്ചത്. ഭിന്നശേഷി വിഭാഗത്തിൽ 75, വയോജനങ്ങൾ 488, സ്ത്രീകൾ 1991, മറ്റ് വിഭാഗങ്ങളിലായി 1674 അപേക്ഷകളുമാണ് ലഭിച്ചത്. ഭൂമി തരം മാറ്റൽ, സർവേ നടത്തൽ ഉൾപ്പെടെയാണ് കുടുതൽ പരാതികൾ. 65 ഉദ്യോഗസ്ഥരെയാണ് അപേക്ഷകൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. അധികമായി മറ്റു 20 പേർക്കും ചുമതല നൽകിയിരുന്നു. ഒന്നാംദിനത്തിലെ അവസാന മണ്ഡലമായ ഗുരുവായൂരിൽ ഒടുവിലെ കണക്കനുസരിച്ച് 4468 പരാതിയാണ് ലഭിച്ചിരിക്കുന്നത്.
തൃശൂർ: നവകേരളസദസ്സിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് കെ.എസ്.യു-യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഞായറാഴ്ച രാത്രിയിൽ ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ പട്ടിക്കാട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ രാമനിലയത്തിൽ നിന്നും പ്രഭാത യോഗവേദിയായ കിലയിലേക്ക് പോകുമ്പോഴായിരുന്നു ആദ്യ കരിങ്കൊടി പ്രതിഷേധം.
വിയ്യൂരിൽ പവർഹൗസിന് സമീപത്ത് വെച്ചായിരുന്നു പ്രതിഷേധം. തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനു പള്ളത്ത്, മണ്ഡലം പ്രസിഡന്റ് സൗരഗ്, മണ്ഡലം ഭാരവാഹികളായ രാഗീത്, ജോമൺ, വിനീഷ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാണിച്ചത്.
വടക്കാഞ്ചേരിയിൽ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.എൻ. വൈശാഖ്, കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ, ജില്ല സെക്രട്ടറി സജിത്ത് അഹമ്മദ് എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്. ചേലക്കര വാഴക്കോടും പ്രതിഷേധമുണ്ടായി.
വടക്കാഞ്ചേരിയിൽ നവകേരള സദസ്സിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു സംഭവം. യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ പൊലീസ് ഇയാളെ തടഞ്ഞു സ്ഥലത്തുനിന്നും നീക്കി. പിന്നീട് കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞായിരുന്നു യുവാവ് സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചത്.
എരുമപ്പെട്ടി കരിയന്നൂരില്‍ കരിങ്കൊടി കാണിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ഗുരുവായൂരിൽ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സി.എസ്. സൂരജ്, എ.എസ്. സറൂഖ്, ജില്ല ജനറൽ സെക്രട്ടറി റിഷി ലാസർ, പൂക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ തോമസ്, എ.കെ. ഷെമിൽ, യൂത്ത് കോൺഗ്രസ് എന്നിവരെയാണ് മമ്മിയൂർ സെന്ററിൽ അറസ്റ്റ് ചെയ്തത്. മുതുവട്ടൂരിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് തെബ്ഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
തൃശൂർ: സിനിമ, നാടക രംഗത്ത് പ്രവർത്തിക്കുന്ന ഗാനരചയിതാക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നും സാഹിത്യ, ചലച്ചിത്ര അക്കാദമികൾ മുഖേന സഹായങ്ങൾ ലഭ്യമാക്കണമെന്നും കുന്നംകുളം മണ്ഡലത്തിൽ കലാമണ്ഡലത്തിന്റെ സബ് സെന്റർ ആരംഭിക്കണമെന്നും ചലച്ചിത്ര ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ അഭ്യർഥന.
ചോദ്യം എഴുതിയെടുത്ത മുഖ്യമന്ത്രി ഉടൻ മറുപടി കുറിച്ച് നൽകി - കലാമണ്ഡലത്തിന്റെ ഭാവി വികസന ചർച്ചകളിൽ ഇക്കാര്യം ആലോചിക്കും. തെറ്റ് ചെയ്യുന്ന കുട്ടികളെ തിരുത്താനുള്ള സാഹചര്യം അധ്യാപകർക്ക് നിലവിൽ ഇല്ലെന്നത് ആശങ്കജനകമാണെന്ന് ബദനി എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഫാദർ ബെഞ്ചമിന്റെ പരാതി.
ഉടൻ മുഖ്യമന്ത്രിയുടെ മറുപടിയെത്തി, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇവരുടെ വ്യക്തിത്വം ഹനിക്കപ്പെടുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ അധ്യാപകർക്കും ആകണം. കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ഇതിന് പ്രതിവിധിയെന്ന് മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ.
സംവരണം കൃത്യമായി നടപ്പാക്കാൻ ജാതി സെൻസസ് നടത്തണമെന്നും ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും കേരളത്തിൽ അറബിക് സർവകലാശാല തുടങ്ങണമെന്നുമുള്ള പിന്നാക്കക്ഷേമ വികസന കോർപറേഷൻ കമീഷൻ മുൻ അംഗമായ മുഹമ്മദ് കുഞ്ഞ് സഖാഫിയുടെ ആവശ്യം കുറിച്ചെടുത്ത മുഖ്യമന്ത്രി ജാതി സെൻസസ് കേന്ദ്ര സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലെ ഒരുപാട് കാര്യങ്ങൾ നടപ്പാക്കിയെന്നും ശേഷിച്ചവ പരിഗണിക്കാവുന്നതാണെന്നും മറുപടി നൽകി.
തിങ്കളാഴ്ച രാവിലെ കിലയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലൊരുക്കിയ പ്രഭാത സംഗമത്തിലാണ് നാടിന്റെ ആവശ്യങ്ങളും പരാതികളും നിർദേശങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചത്. കുന്നംകുളത്തെ കർഷക തൊഴിലാളി എൺപതുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ അഭിപ്രായ നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് ആദ്യ പ്രഭാതയോഗം സമ്പന്നമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.